പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

0


അമൃത്സര്‍: ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ.

1947-ൽ തന്റെ ജന്മഗ്രാമമായ സർപഞ്ചായിൽ നിന്നാണ് ബാദൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1957 ൽ ആദ്യമായി വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ ആദ്യമായി മന്ത്രിയായി. 1970-ൽ 42-ാം വയസ്സിലാണ് ബാദല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയായത്. 1977, 1997, 2007, 2012 എന്നീ വർഷങ്ങളിലും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1977ലെ ജനതാ പാർട്ടി കേന്ദ്ര സർക്കാരിൽ കൃഷി, ജലസേചന മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1995- 2008 കാലഘട്ടത്തിൽ ശിരോമണി അകാലിദളിന്റെ പ്രസിഡന്റായിരുന്ന ബാദൽ 10 തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ അവസാനമായി അധികാരമൊഴിയുമ്പോൾ അദ്ദേഹത്തിന് 88 വയസ്സായിരുന്നു. ബാദലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ് ബീർ സിംഗ് ബാദൽ മകനാണ്.

Leave a Reply