ദിവസേന പ്രതീക്ഷിക്കുന്നത് 30,000 മെമ്മോ; സമന്‍സുകള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയും ; പിഴ നിശ്ചയിക്കാന്‍ മൂന്ന് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരില്ല

0

പാലക്കാട് : ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന നിര്‍മിത ബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ദിവസേന പ്രതീക്ഷിക്കുന്നത് 30,000 മെമ്മോ.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെയുള്ള മൊെബെല്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേരുടെ യാത്ര, ട്രാഫിക് ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിങ് എന്നിവയൊക്കെ എ.ഐ. ക്യാമറകള്‍ ഒപ്പിയെടുക്കും. ഇത് മുഴുവന്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കീഴിലുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് അയക്കുക.

തുടക്കത്തില്‍ ദിവസേന ഇത്തരം 30,000 മെമ്മോകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പിഴ അടപ്പിച്ചു തുടങ്ങുന്നതോടെ ദിവസേനയുള്ള മെമ്മോകളുടെ എണ്ണം കുറയുമെന്നാണു കരുതുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്നും വരുന്ന മെമ്മോകള്‍ മുഴുവന്‍ പരിശോധിച്ച് പിഴ നിശ്ചയിക്കാന്‍ മൂന്ന് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കാന്‍ തക്ക ഉദ്യോഗസ്ഥരില്ല. നിലവിലെ ജീവനക്കാരുടെ എണ്ണംവെച്ച് ഒരു ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കാനെ കഴിയു. അവരെ കൂടുതല്‍ സമയമിരുത്തിയാണ് തല്‍ക്കാലം പ്രവര്‍ത്തിക്കുക.

കഴിയും വേഗം കൂടുതല്‍ തസ്തിക അനുവദിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കാന്‍ ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മുഴുവന്‍ എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പരിശോധിച്ച് പിഴയിടാന്‍ ഇരുത്തിയാല്‍ റോഡിലെ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നിലയ്ക്കും. അത് ഒഴിവാക്കാന്‍ ഏഴുനൂറോളം പുതിയ തസ്തികകള്‍ അനുവദിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ആവശ്യം.

ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിലവില്‍ വന്ന 2019 ലാണ് വകുപ്പില്‍ തസ്തിക വര്‍ധിപ്പിച്ചത്. 146 ഇലക്ര്ടിക് വാഹനങ്ങളും അന്ന് വിതരണം ചെയ്തിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ 24 മണിക്കൂറും പട്രോളിങ് ടീമിനെ ഇറക്കാനും കൂടുതല്‍ തസ്തിക വേണം.

സമന്‍സ് അയയ്ക്കുന്നതിന് ഇ-മെയിലും

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സമന്‍സ് അയയ്ക്കുന്നതിന് ഇ-മെയില്‍ അടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളെയും ആശ്രയിക്കാന്‍ സര്‍ക്കാര്‍ നീക്കം.

സമന്‍സ് അയയ്ക്കുന്നതിന് 1973-ലെ ക്രിമിനല്‍ നടപടി നിയമസംഹിതയില്‍ (സി.ആര്‍.പി.സി) ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സി.ആര്‍.പി.സി 62, 91 വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതായിരിക്കും പുതിയ കരട് ബില്‍. സി.ആര്‍.പി.സി. കേന്ദ്രനിയമമായതിനാല്‍ ബില്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

സി.ആര്‍.പി.സിയിലെ 62-ാം വാകുപ്പുനുസരിച്ച് ആളുകള്‍ക്ക് നേരിട്ടോ രജിസ്‌ട്രേഡ് തപാല്‍ വഴിയോ ആണ് സമന്‍സ് അയയ്ക്കുന്നത്. ബന്ധപ്പെട്ടവര്‍ അതു െകെപ്പറ്റിയെന്ന് ഉറപ്പാക്കണം. ഇതിലാണ് നേരിട്ടോ അല്ലെങ്കില്‍ ഇലക്‌ട്രോണിക് മാധ്യമം മുഖേനയോ എന്ന ഭേദഗതിനിര്‍ദേശം കൊണ്ടുവരുന്നത്.

രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് 91-ാം വകുപ്പ്. ഇതുപ്രകാരം നിലവില്‍ രേഖകള്‍ ഹാജരാക്കാനുള്ള സമന്‍സും നേരിട്ടോ രജിസ്‌ട്രേഡ് തപാല്‍ വഴിയോ ആണ് അയക്കുന്നത്. ഇതിലും ഇലക്‌ട്രോണിക് മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്താനാണു ഭേദഗതി കൊണ്ടുവരുന്നത്.

ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ചട്ടഭേദഗതി വരുത്തുമ്പോഴേ ഇ-മെയില്‍ മതിയോ വാട്‌സാപ്പ് അടക്കമുള്ള മറ്റ് മീഡിയകളെ കൂടി ഉള്‍പ്പെടുത്തണോ എന്നതില്‍ അന്തിമ തീരുമാനമെടുക്കൂ.

Leave a Reply