എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ്‌ :കോടതി നിർദേശിച്ചാൽ മാത്രം യുഎപിഎ ; കേസ്‌ എന്‍.ഐ.എയ്‌ക്ക്‌ വിടേണ്ടെന്നു പോലീസ്‌

0


കൊച്ചി : എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ്‌ കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഈഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു കേസ്‌ കൈമാറേണ്ട ആവശ്യമില്ലെന്നും പ്രത്യേകാന്വേഷണസംഘത്തലവന്‍ സര്‍ക്കാരിനെ അറിയിച്ചതായി സൂചന.
കോടതി നിര്‍ദേശിച്ചാല്‍ മാത്രം പ്രതി ഷാറൂഖ്‌ സെയ്‌ഫിക്കെതിരേ യു.എ.പി.എ. ചുമത്തിയാല്‍ മതിയെന്നാണു പോലീസ്‌ നിലപാട്‌.
യു.എ.പി.എ. ചുമത്താത്തതിനെതിരേ ഹൈക്കോടതിയില്‍ ഇതുവരെ ഹര്‍ജികളൊന്നും എത്തിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ചശേഷം ഇക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നാണു സര്‍ക്കാരിന്റെയും നിലപാട്‌. പ്രതിയുടെ കസ്‌റ്റഡി കാലാവധി 18-നു കഴിയും. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. കോടതി നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം.
തീവ്രവാദബന്ധം വ്യക്‌തമാകാത്ത സാഹചര്യത്തില്‍ അന്വേഷണം തത്‌കാലം എന്‍.ഐ.എയ്‌ക്കു കൈമാറില്ല. പ്രതിക്കു ബാഹ്യസഹായം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്‌തമായിട്ടില്ല. മൂന്നുപേരുടെ മരണം സംബന്ധിച്ചു പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തിയെങ്കിലും യു.എ.പി.എയോ ഐ.പി.സി. 286-ാം വകുപ്പോ ചുമത്തിയിട്ടില്ല. റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍പ്പോലും പ്രതിക്ക്‌ തീവ്രവാദബന്ധം ഉണ്ടായേക്കുമെന്നു മാത്രമാണുള്ളത്‌.
അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട്‌ കേസിന്റെ പുരോഗതി അറിയിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട്‌ മഹാരാഷ്‌ട്ര, തെലങ്കാന, യു.പി. ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ കേരളത്തിലെത്തി. തീവ്രവാദബന്ധത്തെക്കുറിച്ച്‌ സൂചനകള്‍ ഉള്ളതിനാലാണ്‌ ഇവര്‍ എത്തിയതെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here