തിരുവനന്തപുരം: ബഫർസോണിലെ സമ്പൂർണ നിയന്ത്രണങ്ങൾ നീക്കിയുള്ള സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി.
ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് ഈ മേഖലകളിൽ സമ്പൂർണ നിയന്ത്രണമേർപ്പെടുത്തിയത്. സമ്പൂർണ നിരോധനം ഒഴിവാക്കി സുപ്രീംകോടതി ഇളവ് നൽകിയത് ഈ മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹാരം കാണുന്നതിനുമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച വന സൗഹൃദ സദസ്സുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വനമേഖലയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുമായി സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് വലിയ പിന്തുണ ലഭിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു