ഇ ശ്രീധരനെ ഇറക്കിയിട്ടും രക്ഷയുണ്ടായില്ല ; ഇത്തവണ ഉണ്ണിമുകുന്ദന്‍ വന്നേക്കാന്‍ സാധ്യത ; പാലക്കാട് പിടിക്കാന്‍ ബിജെപിയുടെ തന്ത്രം

0


വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രീതിയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിന് ഇത്തവണയും അവസരം നല്‍കണമെന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്.

മാത്രമല്ല ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ താരത്തിന് പ്രത്യേക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത് സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലും, ഷൊര്‍ണൂരിലും പാലക്കാട് മണ്ഡലത്തിലെ പോലെ തന്നെ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരുള്‍പ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നത്. ബിജെപി ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ജില്ലയിലെ വിവിധ പരിപാടികള്‍ക്കായി ഉണ്ണിയെ എത്തിച്ചിരുന്നു.

ഇക്കുറി ഉണ്ണി മുകുന്ദനെ പോലെ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ എത്തിച്ച് മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച്ചവെച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സി.കൃഷ്ണകുമാറിന് ഇത്തവണ വീണ്ടും അവസരം നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു പോലെ, ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായും എന്‍ഡിഎയില്‍ ചര്‍ച്ച നടക്കുകയാണ്.

Leave a Reply