അനില്‍ ആന്റണിയുടെ കൂടുമാറ്റം ആയുധമാക്കാന്‍ സിപിഎം ; കോണ്‍ഗ്രസ്-ബി.ജെ.പി. രഹസ്യബാന്ധവം എന്ന പ്രചരണം കൊണ്ടുവരും

0


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയുടെ മകന്‍ ബി.ജെ.പി. ക്യാമ്പിലേക്കു പോയതു സംസ്ഥാനത്തു കോണ്‍ഗ്രസിനു വലിയ ആഘാതമുണ്ടാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ഇടതുമുന്നണി ശക്തമായ ആയുധമാക്കുകയും ചെയ്യും. കോണ്‍ഗ്രസ്-ബി.ജെ.പി. രഹസ്യബാന്ധവം എന്ന രീതിയില്‍ പ്രചാരണം നടത്തികൊണ്ടിരിക്കുന്ന ഇടതുമുന്നണിക്കു ലഭിക്കുന്ന ശക്തമായ ആയുധമായിരിക്കും അനില്‍ ആന്റണിയുടെ കൂടുമാറ്റം.

രാഹുല്‍ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചതിലൂടെ ലഭിച്ച രാഷ്ട്രീയ നേട്ടം അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണു കേരളത്തിലെ കോണ്‍ഗ്രസ്. അതിനിടയിലാണ് അനില്‍ ആന്റണിയുടെ വെള്ളിടി. കോണ്‍ഗ്രസിനെതിരേവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഈ അവസരത്തില്‍ അനില്‍ ആന്റണി ബി.ജെ.പി കൂടാരത്തിലേക്കു പോകുമെന്ന് കോണ്‍ഗ്രസ് കരുതിയിരുന്നില്ല.

എ.കെ. ആന്റണിയേയും കോണ്‍ഗ്രസിനെയും ഇതു പ്രതിരോധത്തിലാക്കും. ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി ആന്റണി കേരളത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിലെ മൂന്നാമന്‍ എന്ന നിലയിലാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ മകനെ ഒപ്പംചേര്‍ക്കാന്‍ കഴിഞ്ഞതു ദേശീയതലത്തില്‍ വലിയ നേട്ടമായി ബി.ജെ.പി. അവകാശപ്പെടും.

അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന് ഏല്‍ക്കുന്ന കനത്ത ആഘാതമായിരിക്കും ഇത്. വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റാന്‍ സി.പി.എമ്മും ഇടതുമുന്നണിയും തീരുമാനിച്ചിട്ടുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പല മുതിര്‍ന്ന നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് അത്തരത്തില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ശക്തമായ ഒരു ഉദാഹരണം കേരളത്തില്‍നിന്നുണ്ടായിരുന്നില്ല.

കെ.പി.സി.സി. സോഷ്യല്‍ മീഡിയയുടെ ചുമതലക്കാരനായിരുന്നെങ്കിലും കേരളത്തില്‍ അത്ര സ്വാധീനമുള്ള വ്യക്തിയല്ല അനില്‍ ആന്റണി എന്നു പറയാമെങ്കിലും എ.കെ. ആന്റണിയുടെ മകന്‍ തന്നെ ബി.ജെ.പി. പാളയത്തിലെത്തി എന്നത് ഇടതുമുന്നണിയുടെ പ്രചാരണത്തിന് ശക്തിപകരും. വിട്ടുപോയ ന്യൂനപക്ഷങ്ങളെ മടക്കികൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ഇതു വലിയ തിരിച്ചടിയുമാകും.

രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കുന്നത്. ആ രാഹുലിനെയും ഗാന്ധി കുടുംബത്തിനെയും ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് അനില്‍ ബി.ജെ.പിയിലേക്കു പോകുന്നത്. രാഹുലിനെ കഴിഞ്ഞ തവണ വയനാട്ടില്‍നിന്നു ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതിന് മുന്‍െകെയെടുത്തതും അതിന് വേണ്ട തന്ത്രങ്ങള്‍ മെനഞ്ഞതും ആന്റണിയുടെ നേതൃത്വത്തിലായിരുന്നു.

ഇതൊന്നും സ്വന്തം മകനെപ്പോലും ബോധ്യപ്പെടുത്താന്‍ ആന്റണിക്ക് കഴിഞ്ഞില്ലെന്ന തരത്തിലുള്ള പ്രചാരണ പരിപാടികള്‍ക്കായിരിക്കും വരും ദിവസങ്ങളില്‍ ഇടതുമുന്നണി രൂപം നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here