മധു കൊല്ലപ്പെട്ട കേസ് ശിക്ഷ വിധിച്ചു കോടതി; 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

0

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ശിക്ഷി വിധിച്ചു കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാൾ കുറ്റക്കാരനെന്നു കണ്ടെത്തിയത്. മൂന്നുമാസംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ റിമാൻഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂർത്തിയാക്കിയതിനാൽ ഇയാൾ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാൽ ഇയാൾക്ക് ജയിൽമോചിതനാകാം. മണ്ണാർക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. പ്രതികളെ മലപ്പുറത്തെ തവനൂർ ജയിലിലേക്ക് മാറ്റും.

അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികൾക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാർ ചുമത്തിയ പ്രധാനകുറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയർന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി.പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.

നേരത്തെ കേസിൽ രണ്ട് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പേർക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

കേസിൽ 16 പ്രതികളാണുണ്ടായിരുന്നത്. കൊലപാതകം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. മാർച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകർപ്പ് പകർത്തൽ പൂർത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. സംഭവത്തിൽ 103 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. ഇതായിരുന്നു പ്രതിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ ഡിജിറ്റൽ തെളിവുകൾ അതിനിർണ്ണായകമാണ്. പ്രതികളാണ് ഈ ഡിജിറ്റൽ തെളിവും എടുത്തതെന്നതാണ് രസകരമായ വസ്തുത.

രണ്ടു പേരെ കോടതി വെറുതെ വിട്ടു. മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളാണ് വെറുതെ വിട്ട പ്രതികളിൽ ഒരാളായ അനീഷ്. പതിനൊന്നാം പ്രതി അബ്ദുൾ കരീം മധുവിനെ കള്ളൻ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രൊസികൃൂഷന്റെ പ്രതീക്ഷ ശരിയായിരിക്കുകയാണിപ്പോൾ. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ അത് എത്തിച്ച പ്രതിയും കുറ്റവിമുക്തനാകുന്നുവെന്നതാണ് വസ്തുത. കുറ്റകൃത്യത്തെ വിലയിരുത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇത് തീർത്തും ചരിത്ര വിധിയാണ്

Leave a Reply