ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി കെ സുധാകരന്‍

0


തിരുവനന്തപുരം: ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മണ്ഡലത്തിലെ എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നീക്കം. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രിംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്ന് കെ.സുധാകരന്‍ കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here