ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് ഇക്കൊല്ലവും പ്രവേശനപരീക്ഷ ഇല്ല

0

ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് ഇക്കൊല്ലവും പ്രവേശനപരീക്ഷ ഇല്ല. മുൻവർഷത്തെ പ്രവേശനരീതി തന്നെ ഇക്കൊല്ലവും തുടരാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന നഴ്സിങ് കൗൺസിലിനെയും ആരോഗ്യസർവകലാശാലയെയും മുൻവർഷം പ്രവേശനടപടികൾ നടത്തിയ എൽ.ബി.എസിനെയും ആരോഗ്യവകുപ്പ് ഇക്കാര്യം അറിയിച്ചു.

ഇക്കൊല്ലം മുതൽ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ നഴ്സിങ് പ്രവേശനം നിയന്ത്രിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ് നിർദ്ദേശം നൽകിയിരുന്നു. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട പ്രവേശനപരീക്ഷ ഉപേക്ഷിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗങ്ങൾക്കുള്ളത്. എന്നാൽ ഇതിനെതിരായ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നച്.

പ്രവേശനപരീക്ഷ നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ ഉപേക്ഷിച്ചതെങ്കിലും മാനേജ്മെന്റുകളുടെ സമ്മർദമാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പ്രവേശനപരീക്ഷ ഇല്ലാത്തതിനാൽ ഹയർസെക്കൻഡറി ഫലം പുറത്തുവരുന്നതിനുപിന്നാലെ സംസ്ഥാനത്തെ പ്രവേശനനടപടികൾ ആരംഭിക്കും.
പ്രവേശനപരീക്ഷ വേണ്ടെന്നുവെക്കുന്ന കാര്യം സർക്കാർ അറിയിക്കുന്ന മുറയ്ക്കാവും കൗൺസിലിന്റെ നിലപാട് ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിക്കുക.

ബി.എസ്സി. നഴ്സിങ്ങിന് 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ മാനേജ്മെന്റുകൾ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. അവശേഷിക്കുന്ന 50 ശതമാനം സർക്കാർ സീറ്റുകളിലാണ് എൽ.ബി.എസ്. വഴി പ്രവേശനം നടത്തുന്നത്.

Leave a Reply