പേരിന് ഓട്ടോ ഇലക്ട്രിക്കല്‍ വര്‍ക്‌സ്, യഥാര്‍ത്ഥത്തില്‍ ചെയ്തിരുന്ന പണി കള്ളനോട്ടടി ; അച്ചടിച്ച് വിതരണം ചെയ്തത് അമ്പതിന്റെയും നൂറിന്റെയും ഇരുനൂറിന്റേയും നോട്ടുകള്‍

0

ഓട്ടോ ഇലക്ട്രിക് വർക്ഷോപ്പിന്റെ മറവിൽ കള്ളനോട്ടടിച്ച് കൈമാറിയ യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി എസ്. വളവിലെ പ്രണവ് ഓട്ടോ ഇലക്ട്രിക് ഷോപ്പ് ഉടമ പുതുപ്പാടി കാരക്കുന്നം കരുപ്പത്തടത്തിൽ പ്രവീൺ ഷാജി (27) ആണ് പിടിയിലായത്. മൂവാറ്റുപുഴയിലെ പെട്രോൾ പമ്പിൽ സ്ഥിരമായി കള്ളനോട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 500, 100, 200 രൂപയുടെ രണ്ട് നോട്ടുകൾ വീതവും 50 രൂപയുടെ ഒരു നോട്ടും ഇയാളിൽനിന്ന് പിടിച്ചെടുത്തു.

പെട്രോൾ പമ്പിൽ സ്ഥിരമായി ഇയാൾ കള്ളനോട്ട് നൽകിയിരുന്നു. പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രവീണാണ് സ്ഥിരമായി ഇവിടെ കള്ളനോട്ട് നൽകുന്നന്നെ് മനസ്സിലാക്കി. തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് കടയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കള്ളനോട്ടടിക്കാൻ പ്രവീൺ കടയുടെ പിന്നിലായി സജ്ജീകരിച്ചിരുന്ന പ്രിന്ററും കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

കറൻസി അച്ചടിക്കാനുള്ള പ്രിന്റിങ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനു പിന്നിൽ ഏതെങ്കിലും സംഘമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ ആളുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിവരികയാണ്. ഇയാൾ എത്രകാലമായി നോട്ടടിക്കുന്നുവെന്നും എവിടെയെല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. എസ്‌ഐ.മാരായ വിഷ്ണു രാജു, ബേബി ജോസഫ്, എഎസ്ഐ. പി.എം. രാജേഷ്, എസ്.സി.പി.ഒ. ബേസിൽ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടിയത്.

Leave a Reply