ഐപിഎലിൽ വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ… പഞ്ചാബ് കിങ്‌സിന്റെ മലർത്തിയടിച്ച് ഗുജറാത്ത് ടൈറ്റൻസിനു മിന്നും ജയം

0

ഐപിഎലിൽ വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ. അതും പഞ്ചാബ് കിങ്‌സിന്റെ തട്ടകത്തിൽ അവരെ മലർത്തിയടിച്ച് ഗുജറാത്ത് ടൈറ്റൻസിനു മിന്നും ജയം. പഞ്ചാബ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മൻ ഗിൽ ഗുജറാത്തിന്റെ ടോപ്പ് സ്‌കോറർ ആയപ്പോൾ വൃദ്ധിമാൻ സാഹ (19 പന്തിൽ 30) ചാമ്പ്യന്മാർക്ക് വിസ്‌ഫോടനാത്മക തുടക്കം നൽകി.

അവസാന ഓവറിൽ ഏഴ് റൺസ് വിജയലക്ഷ്യം മാത്രം മുന്നിലുള്ളപ്പോഴും ഗുജറാത്തിനെ വിറപ്പിച്ച് സാം കറൻ പന്തെറിഞ്ഞത്. അർധ സെഞ്ചുറി നേടിയ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തിൽ സാം കറനെ സ്വീപ് ചെയ്ത് രാഹുൽ തെവാട്ടിയ (2 പന്തിൽ 5) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് മില്ലർ (18 പന്തിൽ 17) പുറത്താവതൊ നിന്നു. റബാദയ്ക്ക് പുറമെ ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിങ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് ഗില്ലും സാഹയും ചേർന്ന് നൽകിയത്. സാഹ അപാര ഫോമിലായിരുന്നു. കഗീസോ റബാഡ, അർഷ്ദീപ് സിങ് എന്നിവരെയൊക്കെ അനായാസ നേരിട്ട സാഹ അഞ്ചാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയായിരുന്നു. 48 റൺസാണ് സാഹയും ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

സാഹ മടങ്ങിയതിനു പിന്നാലെ സ്‌കോർ നിരക്ക് താഴ്ന്നു. മൂന്നാം നമ്പറിൽ സായ് സുദർശൻ ബൗണ്ടറികൾ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയപ്പോൾ പഞ്ചാബ് കളിയിലേക്ക് തിരികെവന്നു. 20 പന്തുകൾ നേരിട്ട് 19 റൺസ് മാത്രം നേടിയ സായ് സുദർശനെ അർഷ്ദീപ് മടക്കി. ഗില്ലുമായി 41 റൺസിന്റെ കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്. ഹാർദിക് പാണ്ഡ്യ (8) വേഗം മടങ്ങി. ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്.

ഇതിനിടെ ഗിൽ ഫിഫ്റ്റി തികച്ചു. 40 പന്തിലാണ് താരം അർദ്ധശതകം തികച്ചത്. ഫിഫ്റ്റിക്ക് പിന്നാലെ ഗിയർ മാറ്റിയ ഗിൽ മില്ലറെ സാക്ഷിയാക്കി ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ ഗിൽ പുറത്ത്. സാം കറനായിരുന്നു വിക്കറ്റ്. ഗിൽ മടങ്ങിയെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടി രാഹുൽ തെവാട്ടിയ ഗുജറാത്തിനു ജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവരിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 153 റൺസെടുത്തു. 24 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറർ. ജിതേഷ് ശർമ 20 പന്തിൽ 25 റൺസ് നേടി. തകർത്ത് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ പഞ്ചാബിനെ പിടിച്ചുകെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മോഹിത് ശർമ ഗുജറാത്തിനായി അസാമാന്യ പ്രകടനം നടത്തി.

Leave a Reply