മകനു പിന്നാലെ ഗുണ്ടാനേതാവ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു

0


ലഖ്‌നൗ: ഉമേഷ് പാല്‍ വധക്കേസില്‍ പിടിയിലായ ഗുണ്ടാതലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .

കഴിഞ്ഞ ദിവസമായിരുന്നു അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അസദ് അഹമ്മദിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് മുൻ എംപി കൊല്ലപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി.യായ ഇയാള്‍ നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ അതിഖിനും അഷ്‌റഫിനും നേരെ വെടിയുതിർത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയതായിരുന്നു അതിഖിനെ വെടിവെച്ചത്. വെടിയുതിർത്ത ശേഷം അക്രമികൾ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ അസദ് മരിച്ചത്. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് സംഘം അതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് പ്രയാഗ് രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മകനെ കൊലപ്പെടുത്തിയത്.

Leave a Reply