ഹോട്ടൽ ഉടമയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച സഹപ്രവർത്തകനെ കഠാരകൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവാവ്

0

ഹോട്ടൽ ഉടമയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച സഹപ്രവർത്തകനെ കഠാരകൊണ്ട് കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. വണ്ടിപ്പെരിയാർ അമ്പതാംമൈൽ മംഗലശ്ശേരിൽ അനീഷ് തങ്കച്ചൻ (27) ആണ് പിടിയിലായത്. തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളുടെ ബാഗിൽനിന്ന് കഠാര, എയർഗൺ, സൈലൻസർ, കുരുമുളക് സ്പ്രേ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പത്ത് ദിവസം മുമ്പ് വണ്ടിപ്പെരിയാറ്റിൽ ഓട്ടോറിക്ഷയ്ക്ക് തീയിട്ടത് ഇയാളാണെന്നും വ്യക്തമായി.

തൊടുപുഴ കെ.എസ്.ആർ.ടി.സി. ടെർമിനലിന് സമീപത്തെ ഹോട്ടലിൽ ജീവനക്കാരനായ വയനാട് പുൽപ്പള്ളി സ്വദേശി സുരേഷ് ചന്ദ്രനെ(41) ആണ് ഇയാൾ കുത്തിയത്. സുരേഷിന്റെ കൈയിൽ 12 തുന്നലുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം. മൂന്നുദിവസം മുമ്പാണ് തൊടുപുഴയിലെ ഈ ഹോട്ടലിൽ അനീഷ് ജോലിതേടി എത്തിയത്. പൊറോട്ടയടിക്കാൻ അറിയാമെന്ന് പറഞ്ഞ ഇയാൾക്ക് ജോലി നൽകി. ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ മുറിയും കൊടുത്തു. ശനിയാഴ്ച ജോലിക്കെത്തിയ ഇയാൾ, ഞായറാഴ്ച രാവിലെ വന്നില്ല. ഹോട്ടൽ ഉടമ ഇയാളെ തേടി താമസസ്ഥലത്തെത്തി.

വിവരം തിരക്കിയപ്പോൾ ഇന്ന് ജോലിക്ക് വരുന്നില്ലെന്ന് പറഞ്ഞു. ഇതോടെ ഉടമ, ഇയാളെ ജോലിയിൽനിന്ന് മാറ്റി. മുറിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ബാഗും സാധനങ്ങളുമെടുത്ത് വെളിയിൽവെച്ചശേഷം മുറിപൂട്ടി ഉടമ മടങ്ങി. ഇതിൽ പ്രകോപിതനായ യുവാവ് ഹോട്ടലിലെത്തി ഉടമയുമായി തർക്കിച്ചു. ഇറുവരും തമ്മിൽ ബഹളമായതോടെ ഹോട്ടലിലെ ജീവനക്കാരനായ സുരേഷ്, ഇയാളെ ഹോട്ടലിന് പുറത്തെത്തിക്കാൻ ശ്രമിച്ചു.

ഇതിൽ പ്രകോപിതനായ ഇയാൾ ബാഗിൽ സൂക്ഷിച്ചിരുന്ന കഠാരയെടുത്ത് സുരേഷിന്റെ വലതുകൈയിൽ കുത്തുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ഹോട്ടലുടമയും മറ്റ് ജീവനക്കാരും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ഹോട്ടൽ ജീവനക്കാരുംചേർന്ന് പിടിച്ചുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷ പെട്രോളൊഴിച്ച് തീവെച്ചത് താനാണെന്ന് പ്രതി സമ്മതിച്ചത്. ഓട്ടോറിക്ഷയ്ക്ക് തീയിട്ടതും വ്യക്തിവൈരാഗ്യം മൂലമാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസ്. കോടതി ഇയാളെ റിമാൻഡുചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here