പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിൽ കാർബൺ ഡൈ ഓക്‌സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന് പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചതോടെയാണ് ചോർച്ചയുണ്ടായത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. നാല് ഫയർഫോസ് യൂണിറ്റ് സ്ഥലത്തെത്തി. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. വാതകം പൂർണമായും നിർവീര്യമാക്കി. ഗതാഗത നിയന്ത്രണം നീക്കി.
വളരെ അടുത്ത് നിന്ന് ശ്വസിച്ചാൽ മാത്രമേ അപകടസാധ്യതയുള്ളൂ എന്നാണ് ഫയർഫോഴ്സും പൊലീസുമടക്കമുള്ള സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വാതകം ജ്വലനസ്വഭാവമുള്ളതല്ലാത്തതിനാൽ തീപ്പിടിത്തമടക്കമുള്ള അപകട സാധ്യതയുമില്ല. ഗതാഗതം തടഞ്ഞ ശേഷം വാതകം പൂർണമായും തുറന്നു വിട്ടു.ടാങ്കർ ഒഴിഞ്ഞ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.