യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുപി സ്വദേശി അറസ്റ്റിൽ. യു.പി ബറേലി സ്വദേശിയായ നദീം ഖാൻ (26) എന്ന യുവാവിനെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഉടൻ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാൾ താമസിച്ചിരുന്ന ഇസത് നഗറിലെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്. ഗൾഫിൽ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. ഇതിനു ശേഷം പ്രണയത്തിലാവുകയായിരുന്നു.
ദുബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു യുവതി. ഇവിടെ വച്ച് വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെ യുവാവ് ഗൾഫിൽ നിന്നും യുപിയിലേക്കു കടക്കുകയുമായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ യുവതി ഏഴാം മാസം യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു. വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് രണ്ടാഴ്ച മുൻപ് മരിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസിന്റെ സഹായത്തോടെയാണ് ഇരിക്കൂർ നിന്നുള്ള പൊലീസ് സംഘം യുവാവിനെ പിടികൂടിയത്. ഇന്ന് വീണ്ടും ദുബായിലേക്ക് പോകാനൊരുങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് രഹസ്യമായി ഇയാൾ താമസിച്ചിരുന്ന ഇസത് നഗറിലെ വീട്ടിലെത്തി അറസ്റ്റു രേഖപ്പെടുത്തിയത്.