കോട്ടയം പൊൻകുന്നം ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. റെജിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ആക്രമിച്ച കാള.
നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ റെജിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.
കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായി കാളയെയും പോത്തിനെയും വളർത്തി വന്നിരുന്നയാളാണ് മരിച്ച റെജി.