ബ്ലോക്ക് ചെയ്ത സോഷ്യൽമീഡിയ അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ 90,000 രൂപ തട്ടിയെടുത്ത 20കാരൻ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം.എട്ടുലക്ഷം ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്കായ വിവരം യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സാം എന്ന പേരിലുള്ളയാൾ വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാരന്റെ പേര് യുവതിയോട് നിർദേശിച്ചതെന്നും പൊലീസ് പറയുന്നു.
അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റി തരുന്നതിന് തുടക്കത്തിൽ 10,000 രൂപയാണ് തട്ടിപ്പുകാരൻ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യത്യസ്ത ഇടപാടുകളിലായി 80,000 രൂപ കൂടി തട്ടിയെടുത്തു. അക്കൗണ്ട് ഡീലിറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്നും പരാതിയിൽ പറയുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജാമിയ നഗർ സ്വദേശിയായ ജുനെദ് ബേഗിനെ അറസ്റ്റ് ചെയ്തത്.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയാണ് താൻ ലക്ഷ്യം വെയ്ക്കാറെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഈ അക്കൗണ്ടുകളിൽ മോശം ഉള്ളടക്കം ഉണ്ടെങ്കിൽ അത് കണ്ടെത്തി റിപ്പോർട്ട് ചെയ്യും. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതോടെ, അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ച് തട്ടിപ്പിന് ഇരയാക്കുന്നതാണ് തന്റെ രീതിയെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായും പൊലീസ് പറയുന്നു.