സുഡാനിൽനിന്ന് 754 പേരെക്കൂടി ഇന്ത്യയിലെത്തിച്ചു

0

സുഡാനിൽനിന്ന് 754 പേരെക്കൂടി ഇന്ത്യയിലെത്തിച്ചു. രണ്ട് വിമാനങ്ങളിലായാണ് ഇന്നലെ ഇവർ ജന്മനാട്ടിൽ തിരികെ എത്തിയത്. ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിലൂടെ 362 പേർ ബെംഗളൂരുവിലും 392 പേർ ഡൽഹിയിലുമാണ് എത്തിയത്. ഇതുവരെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1360 ആയി. സുഡാനിൽനിന്ന് 717 പേർ കൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇവരെ മന്ത്രി മുരളീധരൻ സ്വീകരിച്ചു. ഇവർക്കായി ഏർപ്പെടുത്തിയ താമസസ്ഥലവും സന്ദർശിച്ചു.

ഇന്നലെ എത്തിയവരിൽ അടൂർ സ്വദേശി നൈജൽ രാജുവും മുംബൈ മലയാളിയായ സെബാസ്റ്റ്യൻ പോളുമുണ്ട്. കൊള്ളയും പിടിച്ചുപറിയുമാണു സുഡാനിൽ നടക്കുന്നതെന്ന് ഖാർത്തൂമിൽ നഴ്‌സായ നൈജൽ പറഞ്ഞു. മുംബൈ മലയാളിയായ സെബാസ്റ്റ്യൻ 18 വർഷമായി ഖാർത്തൂമിൽ ഗ്രാഫിക് ഡിസൈനറാണ്. ഇതിനിടെ, സുഡാനിൽനിന്നെത്തിയ 23 മലയാളികൾ ഉൾപ്പെടെ 45 പേരെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. മഞ്ഞപ്പനി (യെലോ ഫീവർ) പ്രതിരോധ കുത്തിവയ്പ് കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടാണിത്. കാർഡ് ഹാജരാക്കിയവരെ മാത്രമേ വിമാനത്താവളത്തിനു പുറത്തുപോകാൻ അനുവദിച്ചുള്ളൂ. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ എത്തിയവർക്ക് യെലോ ഫീവർ വാക്‌സീൻ കാർഡ് നിർബന്ധമായിരുന്നില്ല.

Leave a Reply