നിര്‍മ്മാതാക്കളുടെ ദാരിദ്ര്യം പറച്ചിലും ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റെയും വിലക്കും മയക്കുമരുന്ന് ആക്ഷേപവും ഒക്കെ കൂടി മലയാള സിനിമയില്‍ ഇപ്പോള്‍ ഒരു പഞ്ഞവും ഇല്ലാത്ത കാര്യം വിവാദമാണ്. 2023 ലെ ആദ്യപാദത്തില്‍ ഇറങ്ങിയ 50 ചിത്രങ്ങളില്‍ 300 കോടി നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നഷ്ടക്കണക്കുകള്‍ ആവലാതിയായി മാറിയപ്പോള്‍ സൂപ്പര്‍താരങ്ങളുടെ പ്രതിഫലവും വലിയ ചര്‍ച്ചയായി മാറുകയാണ്. ദി ഫോര്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. 20 കോടി വരെയാണ് താരം വാങ്ങുന്നത്. ആശീര്‍വാദിന്റെ സിനിമകളാണെങ്കില്‍ സിനിമയുടെ ലാഭവിഹിതവും താരം നേടുന്നതായും റിപ്പോര്‍ട്ടുണ്ട്.
മമ്മൂട്ടി 16 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ കഴിഞ്ഞ 2 ചിത്രങ്ങളും താരം തന്നെയാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷത്തെ എണ്ണപ്പെട്ട സിനിമകളില്‍ പെട്ട നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും മമ്മൂട്ടി തന്നെയായിരുന്നു നിര്‍മ്മിച്ചത്. താരത്തിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന കാതല്‍ സിനിമയ്ക്കും കണ്ണൂര്‍സ്‌ക്വാഡിനും പണം മുടക്കുന്നത് മമ്മൂട്ടി തന്നെയാണ്.
ദിലീപ് 12 കോടിയും ഫഹദ് ഫാസില്‍ പത്ത് കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്. സുരേഷ് ഗോപിക്ക് അഞ്ച് കോടി, പൃഥ്വിരാജ് 7.5 കോടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവര്‍ മൂന്ന് കോടി, ടൊവിനോ തോമസ് രണ്ട് കോടി. വിവാദനായകന്മാരായ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും 75 ലക്ഷമാണ് നേടുന്നത്. സംവിധായകരുടെ നിരയില്‍ നിന്നും അഭിനയരംഗത്തേക്ക് വന്ന ബേസില്‍ ജോസഫും ഇതേ തുക തന്നെ പ്രതിഫലം കൈപ്പറ്റുന്നു. ഒരു കോടിയ്ക്ക് മുകളില്‍ വാങ്ങുന്ന മഞ്ജു വാര്യര്‍ ആണ് നടികളില്‍ ഏറ്റവും പ്രതിഫലം നേടുന്നത്.
പാര്‍വ്വതി തിരുവോത്ത് 75 ലക്ഷവും ഭാവന 50 ലക്ഷവും പ്രതിഫലം വാങ്ങുന്നു. 2023 ആദ്യപാദത്തിലെ കണക്കെടുത്താല്‍ തീയറ്ററില്‍ എത്തിയ 58 സിനിമകളില്‍ നിര്‍മ്മാതാവിന് സാമ്പത്തീകലാഭം ഉണ്ടാക്കിയത് ‘രോമാഞ്ചം’ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മമ്മൂട്ടിയ്ക്ക് പുറമേ മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമാ നിര്‍മ്മാണ മേഖലയിലുണ്ട്. ‘കുറുപ്പും’ ‘കിങ് ഓഫ് കൊത്ത’യും സ്വന്തം പ്രൊഡക്ഷനില്‍ ഉള്ളതാണ്. അതേസമയം താരത്തിന്റെ പ്രതിഫലം സംബന്ധിച്ച കൃത്യവിവരം കിട്ടിയിട്ടില്ല