ഈജിപ്തില്‍ ബുദ്ധപ്രതിമ കണ്ടെത്തി; പുരാതന ഇന്ത്യയുമായുള്ള ബന്ധം വ്യക്തമായെന്ന് ഗവേഷകർ

0

വൈശാഖ് നെടുമല

കെയ്‌റോ: ഈജിപ്തില്‍ ബുദ്ധപ്രതിമ കണ്ടെത്തി. ചെങ്കടലിന്റെ തീരത്തുള്ള പുരാതന തുറമുഖമായ ബെറനീസിലാണ് ബുദ്ധന്റെ പൂര്‍ണരൂപത്തിലുള്ള പ്രതിമ കണ്ടെത്തിയത്. ബെറനീസിലെ പുരാതനക്ഷേത്രത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് ബുദ്ധപ്രതിമ കണ്ടെത്തിയതെന്ന് പോളിഷ്-യുഎസ് ഗവേഷകസംഘത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

റോമന്‍ സാമ്രാജ്യവും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളാണിതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു. റോമന്‍ കാലഘട്ടത്തില്‍ ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലേക്കാണ് കണ്ടെത്തലുകള്‍ വാതില്‍തുറക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു കൗണ്‍സില്‍ മേധാവി മുസ്തഫ അല്‍ വസീറി പറഞ്ഞു.

ഖനനത്തില്‍ കണ്ടെത്തിയ ബുദ്ധപ്രതിമയ്ക്ക് 28 ഇഞ്ച് വലിപ്പമുണ്ട്. പ്രതിമയുടെ വലതുഭാഗത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വലതുകാലും നഷ്ടപ്പെട്ടിട്ടുണ്ട്. തലയ്ക്കു ചുറ്റം പ്രഭാവലയവും പാദത്തിനോടു ചേര്‍ന്നു താമരപ്പൂവും ഉണ്ട്. ഇവയൊഴിച്ചാല്‍ കാര്യമായ മറ്റു കേടുപാടുകള്‍ പ്രതിമയ്ക്കു സംഭവിച്ചിട്ടില്ല.

റോമന്‍ കാലഘട്ടത്തില്‍ ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരുന്നു ബെറനീസ്. സുഗന്ധദ്രവ്യങ്ങള്‍, അമൂല്യമായ രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, ആനക്കൊമ്പ് എന്നിവയടങ്ങിയ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി തുറമുഖത്ത് എത്തിയിരുന്നു.

സമീപകാലങ്ങളില്‍ നിരവധി സുപ്രധാന പുരാവസ്തുകണ്ടെത്തലുകള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ട്. ഗിസയിലെ പിരമിഡുകളോടു ചേര്‍ന്ന് മ്യൂസിയം ആരംഭിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട് സര്‍ക്കാര്‍. രാജ്യത്തേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.

വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ അശാന്തിക്കു ശേഷവും കോവിഡ് മഹാമാരിയില്‍ നിന്നു ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇത്തരം ഗവേഷണങ്ങളും പഠനങ്ങളും വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വു പകരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Leave a Reply