വനിതാ കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട്‌ കേസ്‌: ആസൂത്രകനെന്ന്‌ കരുതുന്നയാള്‍ പിടിയില്‍

0


ആലപ്പുഴ: എടത്വായില്‍ കൃഷി ഓഫീസറായിരിക്കെ സസ്‌പെന്‍ഷനിലായ ജിഷമോള്‍ പ്രതിയായ കള്ളനോട്ട്‌ കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആള്‍ പോലീസിന്റെ പിടിയിലായി.
ഹരിപ്പാട്‌ ചിങ്ങോലി വെള്ളിശേരിത്തറയില്‍ വീട്ടില്‍ സുരേഷ്‌ ബാബു(57)വിനെയാണ്‌ ആലപ്പുഴ സൗത്ത്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. ഇയാളാണ്‌ ജിഷയ്‌ക്കു കള്ളനോട്ടുകള്‍ നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്‌.
ഒരു കള്ളനോട്ട്‌ കേസില്‍ 2009 ല്‍ പ്രതിയായിട്ടുള്ള സുരേഷ്‌ ബാബു, കള്ളനോട്ട്‌ സംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമായ ചോദ്യംചെയ്യലില്‍ അറിയാനാകുമെന്നും പോലീസ്‌ പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതിയും പോലീസ്‌ കസ്‌റ്റഡിയിലായതായാണ്‌ സൂചന.
വീട്ടിലെ ജോലിക്കാരന്‍ മുഖേന 500 രൂപയുടെ ഏഴു കള്ളനോട്ടുകള്‍ വിനിമയം ചെയ്‌തതിനു കഴിഞ്ഞയാഴ്‌ചയാണ്‌ ജിഷമോള്‍ അറസ്‌റ്റിലായത്‌.
കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ്‌ വന്‍ തട്ടിപ്പ്‌ പുറത്തറിഞ്ഞത്‌. റിമാന്‍ഡില്‍ കഴിയുന്ന ജിഷയെ ജോലിയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഫാഷന്‍ ഷോ, മോഡലിങ്‌ തുടങ്ങിയ മേഖലകളിലും ജിഷ ശ്രദ്ധേയയായിരുന്നു.

Leave a Reply