ഈ നായയെന്താ ഇങ്ങനെ; കഴിക്കാൻ
ദിവസവും രണ്ട് പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് ന്യൂഡില്‍സും; ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണെന്നാണ് കരുതി വാങ്ങിയത് കരടിയെ

0

നായയാണെന്ന് കരുതി കരടിയെ രണ്ട് വര്‍ഷത്തോളം വീട്ടില്‍ താമസിപ്പിച്ച് ഒരു കുടുംബം. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിംഹ് നഗരത്തിനടുത്താണ് വിചിത്ര സംഭവം. കുന്‍മിംഗിലെ സു യുന്‍ എന്നയാളുടെ വീട്ടിലാണ് സംഭവമുണ്ടായത്.

2016ലാണ് സു യുന്‍ അവധിക്കാലത്ത് ഒരു വളര്‍ത്തുമൃഗത്തെ വാങ്ങിയത്. ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണെന്നാണ് കരുതിയത്. എന്നാല്‍ ഇത് വളര്‍ന്ന് രണ്ട് വര്‍ഷത്തോളമായപ്പോള്‍ രണ്ട് കാലില്‍ നടക്കാന്‍ തുടങ്ങിയത് കണ്ട് വീട്ടുകാര്‍ അമ്പരന്നു. തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് താന്‍ രണ്ട് വര്‍ഷമായി ഓമനിച്ചവളര്‍ത്തിയത് നായയല്ല എന്ന് സു യുന്‍ തിരിച്ചറിയുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്റ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏഷ്യാറ്റിക് ബ്ലാക് ബിയര്‍ ആണിതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ;

വളരുന്തോറും സു യുന്റെ ‘നായയുടെ’ സ്വഭാവത്തിലെ മാറ്റവും വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ദിവസവും രണ്ട് പെട്ടിയോളം പഴങ്ങളും രണ്ട് ബക്കറ്റ് ന്യൂഡില്‍സും ഈ മൃഗം കഴിച്ചിരുന്നു. കരടിക്ക് 400 പൗണ്ട് ഭാരവും ഒരു മീറ്റര്‍ ഉയരവും ഉണ്ടെന്ന് അധികൃതര്‍ പറയുന്നു.

കരടിയെ യുനാന്‍ വൈല്‍ഡ് ലൈഫ് റെസക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിചിത്രമായ ഈ സംഭവം 2018ലാണ് ആദ്യമായി പുറത്തുവരുന്നത്. എന്നാല്‍ അടുത്തിടെ കൗതുകകരമായ ഈ വാര്‍ത്ത വീണ്ടും വൈറലാവുകയായിരുന്നു.

Leave a Reply