ഗൂഗിളമ്മച്ചിക്ക് അറിയാത്ത കേരളത്തിലെ വഴികൾ; ഗൂഗിൾ മാപ്പിന്റെ ഓരോ മൂലയും അരിച്ചു പെറുക്കി നോക്കിയാലും കാണില്ല…

0

കയ്യിൽ വേറെയൊന്നുമില്ലെങ്കിലും ഗൂഗിൾ മാപ്പ് ഉണ്ട് എന്ന അഹങ്കാരവുമായി യാത്ര തുടങ്ങുന്നവരാണ് നമ്മൾ. ഏതു കാട്ടിൽ പോയാലും ഗൂഗിൾ വഴികാട്ടും എന്ന വിശ്വാസത്തിൽ യാത്ര തിരിക്കുന്നവർ. എന്നാൽ ഇനി ഈ വിശ്വാസം എട്ടായി മടക്കി പോക്കറ്റിൽ വയ്ക്കാം..!! .ഗൂഗിളിനു പോലും കണ്ടെത്താൻ പറ്റാത്ത വഴികൾ നമ്മുടെ സ‍ഞ്ചാരികളും യാത്രാ ഭ്രാന്തൻമാരും കണ്ടെത്തുമ്പോൾ എങ്ങനെയാണ് ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കുക…
കാടിന്റ അകത്തും കാട്ടാറിന്റെ തീരത്തും കാപ്പിത്തോട്ടങ്ങളുടെ നടുവിലും ഒക്കെയായി ഗൂഗിളിനു പോലും ഇനിയും പിടികിട്ടാത്ത കേരളത്തിലെ സൂപ്പർ സ്ഥലങ്ങളെ പരിചയപ്പെടാം…

എലിമ്പിലേരി

ഗൂഗിൾ മാപ്പിന്റെ ഓരോ മൂലയും അരിച്ചു പെറുക്കി നോക്കിയാലും കണ്ടുകിട്ടാത്ത ഒരിടം…വഴി ചോദിച്ച് ചോദിച്ച് മാത്രം എത്തിപ്പെട്ടാൽ പിന്നെയുള്ള ഫീലിങ്സ് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. വയനാട്ടിലെ എലിമ്പിലേരി എന്ന സ്ഥലം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയത് ഈ അടുത്ത കാലത്താണ്. മൺസൂണ്‍ ഡെസ്റ്റിനേഷൻ എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും ഏതു സമയത്തും കിടിലൻ കാഴ്ചകളുമായാണ് ഈ സ്ഥലം കാത്തിരിക്കുന്നത്.
സാധാരണ വാഹനങ്ങൾക്കൊന്നും പോകുവാൻ സാധിക്കാത്ത റൂട്ടിൽ ഡ്രൈവിങ്ങിൽ അസാമാന്യ കൈവഴക്കം ഉണ്ടെങ്കിൽ ഫോർ വീലർ വാഹനങ്ങളുമായി ഇവിടേക്ക് വരാം. കാടുമൂടി കിടക്കുന്ന വഴിയിലൂടെ ഒരു ഓഫ് റോഡിന്റെ എല്ലാ വിധ രസങ്ങളും സാഹസികതകളും അനുഭവിക്കാൻ സാധിക്കുന്ന എലിമ്പിലേരി വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്നും മേപ്പാടി വഴി ഇവിടെ എത്തിച്ചേരാം…

മദാമക്കുളം

പേരു കേൾക്കുമ്പോൾ തന്നെ ഒരു രസമില്ലേ… എങ്കിൽ ഇവിടെ ഒന്നു പോയി വരാം എന്നു വിചാരിച്ചാൽ നടക്കില്ല. അത്ര പെട്ടന്നൊന്നും എത്തിപ്പെടുവാൻ പറ്റിയ സ്ഥലമല്ല ഇവിടം. ഇടുക്കിയിലെ കാടുകൾക്കും മലകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന മദാമക്കുളം ഇനിയും ആളുകൾ അറിയാത്ത ഒരിടം തന്നെയാണ്. പുൽമേടുകളാൽ നിറഞ്ഞ മലയുടെ മുകളിൽ നിന്നും പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഒരു ചെറിയ കുളം തന്നെ സൃഷ്ടിക്കുന്നുണ്ട്. മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പതിപ്പ് എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. കുട്ടിക്കാനത്തു നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് മാഡം റോബിൻസൺ എന്നു പേരായ ഒരു
ബ്രിട്ടീഷ് സ്ത്രീ തന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പം ഇവിടെ കുളിക്കാൻ വരുമായിരുന്നു. അങ്ങനെയാണ് ഇവിടം മദാമ്മ കുളം എന്ന പേരിൽ അറിയപ്പെടുന്നത് എന്നാണ് കഥ.

എത്തിച്ചേരാൻ

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തു നിന്നും കട്ടപ്പന റൂട്ടിൽ ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് ഇടത്തേക്ക് തിരഞ്ഞാൽ ആഷ്ലി എസ്റ്റേറ്റ് ബസ് സ്റ്റോപ് കാണാം. അവിടെ നിന്നും ഒരു ആറു കിലോമീറ്റർ ദൂരം എസ്റ്റേറ്റിനുള്ളിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഇവിടേക്കുള്ള റോഡുകൾ അത്ര നല്ലതല്ലാത്തതിനാൽ ബൈക്കുകളിലും മറ്റും എത്തുന്നവർ ശ്രദ്ധിക്കണം.

അമ്മച്ചിക്കൊട്ടാരം

തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായി അറിയപ്പെട്ടിരുന്ന അമ്മച്ചിക്കൊട്ടാരം മലയാളികൾക്ക് കൂടുതൽ പരിചിതം കാർബൺ എന്ന ഫഹദ് ഫാസിൽ നാകനായി അഭിനയിച്ച സിനിമയിലൂടെയാണ്. തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായി അറിയപ്പെടുന്ന ഇവിടം പക്ഷേ, ഇന്നൊരു സ്വകാര്യ കമ്പനിയുടെ കീഴിലാണ്. രാജാവിന്റെ പത്നി അമ്മച്ചി എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമ്മച്ചി താമസിക്കുന്ന കൊട്ടാരം അമ്മച്ചി കൊട്ടാരമായി മാറി. രണ്ടു ഹാൾ, മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അകത്തളങ്ങൾ, രണ്ട് രഹസ്യ ഇടനാഴികൾ എന്നിവ അടങ്ങുന്നതാണ് അമ്മച്ചി കൊട്ടാരം. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടാനായി രണ്ട് രഹസ്യ തുരങ്കങ്ങളുണ്ട്.
1800കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരം ഇന്നു കാണുന്ന രീതിയിലാക്കിയത് തിരുവിതാംകൂറിൽ തോട്ട വ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോ എന്ന ജെജെ മൺറോ ആയിരുന്നു.

എത്തിച്ചേരാൻ
കുട്ടിക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് അമ്മച്ചിക്കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പീരുമേട് താലൂക്കിൽ കോട്ടയം-കുമളി റൂട്ടിലാണിത്. കുട്ടിക്കാനത്തു നിന്നും നടന്നും ഇവിടെ എത്താം.

കാറ്റാടിക്കടവ്

24 മണിക്കൂറും വീശുന്ന കാറ്റും കയറ്റങ്ങളും വളവുകളും ഒക്കെ കയറിയും ഇറങ്ങിയും എത്തുന്നത് ജീവിതത്തിൽ ഒരിക്കലും കാണാത്ത ഒരിടത്താണ്. കാറ്റാടിക്കവല. കാൽവരി മൗണ്ടിനു സമാനമായ കാഴ്ചകൾ ലഭിക്കുന്ന ഇവിടം മനോഹരമായ വ്യൂപോയിന്റു കൂടിയാണ്.
എല്ലായ്പ്പോളും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇവിടം കാടിനാൽ മൂടിക്കിടക്കുന്ന ഇടമാണ്. വലിയ മരങ്ങളും ആറുകളും ഒക്കെ ചേർന്ന് പ്രകൃതി മനോഹരമായ ഇവിടം സാഹസികത തേടി എത്തുന്നവർക്ക് പറ്റിയ ഉടമാണ്. നാട്ടുകാർക്കിടയിൽ മരതകമല എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടുത്തം കുന്നിനു താഴെ വരെ മാത്രമേ വണ്ടികൾക്കു പ്രവേശനമുള്ളൂ. ഏറെ പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും 12 കിലോമീറ്ററേ ഇവിടേക്കുള്ളൂ. ആനയടിക്കുത്ത് വെള്ളച്ചാട്ടം, മുനിയറ, വെൺമണി വ്യൂ പോയന്റ് തുടങ്ങിയവയാണ് സമീപത്തുള്ള മറ്റു സ്ഥലങ്ങൾ.

എത്തിച്ചേരാൻ

മൂവാറ്റുപുഴയിൽ നിന്നും വണ്ണപ്പുറം കഴിഞ്ഞ് കട്ടപ്പന വഴിയിൽ ഏഴു കിലോമീറ്റർ അകലെയാണ് കാറ്റാടിക്കടവ് സ്ഥിതി ചെയ്യുന്നത്. ഫോർ വീലർ വാഹനങ്ങൾ മാത്രം കടന്നു പോകാൻ സാധിക്കുന്ന റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇടുക്കിയിലെ മറ്റൊരു സ്വർഗ്ഗമാണ്.
മൂവാറ്റുപുഴയിൽ നിന്നും 35 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 25 കിലോമീറ്ററും ഇടുക്കി ടൗൺ ഷിപ്പിൽ നിന്നും 33 കിലോമീറ്ററും ആണ്

ചട്ടമല
കാസർകോഡ് ജില്ലയിൽ അധികമാർക്കും അറിയപ്പെടാത്ത ഒരിടമാണ് ചട്ടമല. ചിറ്റാരിക്കാലിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഗൂഗിൾ മാപ്പിൽ കാണാൻ പോലും ഇല്ലെങ്കിലും മലയോരത്തു നിന്നുമുള്ള ആളുകളുടെ പ്രധാന യാത്ര പഥങ്ങളിലൊന്നാണ്. ഫോർ വീലർ ജീപ്പിനു മാത്രം കയറി പോകാൻ പറ്റുന്ന റോഡും കുത്തെയുള്ള കയറ്റവും ഒക്കെ കയറി മലയുടെ മുകളിലെത്തിയാൽ അങ്ങ് അറബിക്കടൽ വരെ കാണാം എന്നാണ് പറയുന്നത്.

ആനയടിക്കുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിൽ അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന കിടിലൻ സ്ഥലങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ഈ പേരു കിട്ടിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. പുറമേ നിന്നുള്ള ആളുകൾ വളരെ അപൂർവ്വമായി മാത്രം എത്തിച്ചേരുന്ന ഇവിടം പ്രദേശവാസികൾക്ക് മാത്രം അറിയുന്ന ഒരിടമാണ്. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.

എത്തിച്ചേരാൻ
ഇടുക്കിയിലെ തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

പൊൻമുടി
പൊൻമുടി എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക തിരുവന്നതപുരത്തെ പൊൻമുടിയാണ്. എന്നാൽ കെട്ടിലും മട്ടിലും എല്ലാം അതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരിടം ഇവിടെയുണ്ട്. അടിമാലിയിൽ നിന്നും രാജാക്കാട് പോകുന്ന വഴി സ്ഥിതി ചെയ്യുന്ന പൊൻമുടി ഡാം. ഹൈ റേഞ്ചിന്റെ യഥാർഥ ഭംഗി ആസ്വദിക്കുവാൻ സാധിക്കുന്ന ഇവിടം യാത്രികർക്കിടയിൽ അത്രെയൊന്നും അറിയപ്പെടുന്ന സ്ഥലമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here