വിഷ്‌ണുനാഥ്‌ ‘സ്‌പീക്കറായി’; സഭയില്‍ സമാന്തരസഭ ചേര്‍ന്ന്‌ പ്രതിപക്ഷം!

0


തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തില്‍ വീണ്ടും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്‌ നിരസിച്ചതിനേത്തുടര്‍ന്ന്‌ നിയമസഭയില്‍ അസാധാരണരംഗങ്ങള്‍. സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെയും പ്രതിഷേധങ്ങള്‍ അവഗണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സമാന്തര അടിയന്തരപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന്‌, കഴിഞ്ഞദിവസങ്ങളിലേതുപോലെ സഭാനടപടികള്‍ ബഹിഷ്‌കരിച്ചു.
അടിയന്തരപ്രമേയ നോട്ടീസ്‌ നിരാകരിക്കപ്പെട്ടതിനേത്തുടര്‍ന്ന്‌ പ്രതിപക്ഷം സ്‌പീക്കറുടെ വേദിക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തന്റെ മുഖംമറച്ച്‌ പ്ലക്കാഡ്‌ ഉയര്‍ത്തിയതിനെ സ്‌പീക്കര്‍ താക്കീത്‌ ചെയ്‌തതോടെ, സ്‌പീക്കര്‍ നീതിപാലിക്കുക എന്ന ബാനര്‍ ഉയര്‍ന്നു. അംഗങ്ങളുടെ പേര്‌ വിളിച്ച്‌ സ്‌പീക്കര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ സ്‌പീക്കര്‍ ശ്രദ്ധക്ഷണിക്കല്‍ നടപടിയിലേക്കു കടന്നു. അതിനുശേഷവും പ്രതിഷേധം അവഗണിക്കപ്പെട്ടതോടെയാണു പ്രതിപക്ഷനേതാവും മുതിര്‍ന്നനേതാക്കളും ഒഴികെയുള്ളവര്‍ 10.15-നു നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന്‌ സമാന്തര അടിയന്തരപ്രമേയം അവതരിപ്പിച്ചത്‌. പി.സി. വിഷ്‌ണുനാഥ്‌ ‘സ്‌പീക്കര്‍ പദവി’ ഏറ്റെടുത്ത്‌ സമാന്തരസഭ നിയന്ത്രിച്ചു. റോജി എം. ജോണ്‍, നജീബ്‌ കാന്തപുരം, ടി. സിദ്ദിഖ്‌, കെ.കെ. രമ, ഉമാ തോമസ്‌, അന്‍വര്‍ സാദത്ത്‌, പി.കെ. ബഷീര്‍, ഷാഫി പറമ്പില്‍, ടി.ജെ. വിനോദ്‌ തുടങ്ങിയവര്‍ അപരന്‍മാരായും അല്ലാതെയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷം സമാന്തരസഭ ചേരുമ്പോള്‍ ‘ഔദ്യോഗികസഭ’യില്‍ വ്യവസായ-വൈദ്യുതി വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുകയായിരുന്നു. ഈ ചര്‍ച്ചയില്‍ ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഒടുവില്‍, 11.45-നു പ്രതിപക്ഷം സഭ വിട്ടിറങ്ങി. ബ്രഹ്‌മപുരം വിഷയത്തെച്ചൊല്ലി കഴിഞ്ഞദിവസം കൊച്ചി കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന കൈയാങ്കളി സംബന്ധിച്ചാണ്‌ ഇന്നലെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ അനുമതി തേടിയത്‌. റോജി എം. ജോണിന്റെ നോട്ടീസ്‌ പരിഗണിച്ച സ്‌പീക്കര്‍, ബ്രഹ്‌മപുരം വിഷയത്തില്‍ കഴിഞ്ഞദിവസം അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി തേടിയതാണെന്നും ഉപക്ഷേപമായി അനുവദിക്കാമെന്നും വ്യക്‌തമാക്കി.
എന്നാല്‍, കഴിഞ്ഞദിവസം അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചശേഷമുണ്ടായ സംഭവത്തിലാണ്‌ ഇപ്പോഴത്തെ നോട്ടീസെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കു വരെ മര്‍ദനമേറ്റു. പ്രതിപക്ഷാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടശേഷം മറ്റൊരിടത്താണു കൗണ്‍സില്‍ ചേര്‍ന്നത്‌. ഈ വിഷയത്തില്‍ കഴിഞ്ഞദിവസത്തെപ്പോലെ മന്ത്രിമാരല്ല, ആഭ്യന്തരവകുപ്പ്‌ ഭരിക്കുന്ന മുഖ്യമന്ത്രിതന്നെ മറുപടി പറയണം. മുഖ്യമന്ത്രി വിഷയത്തില്‍നിന്ന്‌ ഒളിച്ചോടുകയാണെന്നും സതീശന്‍ ആരോപിച്ചു.
സതീശന്റെ ആരോപണങ്ങളെ മന്ത്രി പി. രാജീവ്‌ ഖണ്ഡിച്ചു. കോര്‍പറേഷനിലെ 28 യു.ഡി.എഫ്‌. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു രേഖാമൂലം അറിയിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന വാദത്തില്‍ കഴമ്പില്ല. സംസ്‌ഥാനത്തു 900-ലധികം തദ്ദേശസ്‌ഥാപനങ്ങളുണ്ടെന്നും അവിടെയൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ കാണുമെന്നും സ്‌പീക്കര്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി. അതെല്ലാം നിയമസഭയില്‍ ചര്‍ച്ചചെയ്യാനാവില്ലെന്നു സ്‌പീക്കര്‍ നിലപാടെടുത്തതോടെയാണു പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്‌.

Leave a Reply