ഇടങ്കോലുമായി അമ്മാവന്മാർ; പയ്യനും കുടുംബവും അത്ര പോരാ എന്ന് ചർച്ചകൾ; കല്യാണം മുടങ്ങുമെന്ന് ഭയന്ന് പെൺകുട്ടി പയ്യനൊപ്പം ഇറങ്ങിപ്പോയി! അമ്മാവൻ കോംപ്ലക്‌സിന് തൊടുപുഴയിൽ ഒരു തിരിച്ചടി

0


തൊടുപുഴ: കേരളത്തിൽ ഒരു വരനും വധുവിനും ഇഷ്ടപ്പെട്ടാലും കല്യാണം മുടങ്ങാൻ മാർഗ്ഗങ്ങൾ ഏറെയാണ്. അതിന് കാരണം ചിലപ്പോൾ ജാതക പൊരുത്തമില്ലായ്മയും അമ്മാവന്മാരുടെ ഇടങ്കോലുമാകാം. അമ്മാവന്മാരുടെ ഇടപെടൽ കൊണ്ട് കല്യാണം മുടങ്ങുന്ന അവസ്ഥ വന്നതോടെ ഒരു പെൺകുട്ടി ഒളിച്ചോടി രക്ഷപെട്ടു. തൊടുപുഴയിലാണ് ഈ സംഭവം. പയ്യനും പെണ്ണിനുമെല്ലാം ഇഷ്ടമായി കല്ല്യാണം നടക്കുമെന്ന ഘട്ടത്തിലായിരുന്നു വില്ലന്മാരെന്ന വിധത്തിൽ അമ്മാവന്മാരുടെ എൻട്രി.

വീട്ടുകാർ കല്യാണം ഉറപ്പിച്ചോടെ പ്രണയത്തിലേക്ക് കടന്നിരുന്നു ഇരുവരും. ഇതിനിടെയാണ് പെണ്ണിന്റെ ബന്ധുക്കളായ അമ്മാവന്മാർ ചില പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്തെത്തിയത്. വരന്റെ ചുറ്റുപാടും മറ്റും അന്വേഷിച്ചതോടെ ചില പോരായ്മകളില്ലേ എന്നായീ ഇവരുടെ ചോദ്യങ്ങൾ. ഈ വാദം ചില ബന്ധുക്കളും ഏറ്റെടുത്തതോടെ ആകെ വീട്ടിൽ സംസാരവുമായി. വിവാഹം നടക്കില്ലെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുക കൂടി ചെയ്തപ്പോൾ പെണ്ണും ചെറുക്കനും കൂടി ഒരു കാര്യം ഉറപ്പിച്ചു.

മറ്റാരുടേയും സഹായമില്ലാതെ ജീവിതം തുടങ്ങാൻ. ഉറച്ച തീരുമാനവുമായി ഇരുവരും ഒരുമിച്ച് നാടുവിട്ടു. ഇതോടെ തൽക്കാലത്തേക്ക് അമ്മാവന്മാർക്ക് പണി കിട്ടുകയും ചെയ്തു. വിവാഹം ഉറപ്പിച്ച ശേഷം ബന്ധുക്കൾ തടസം പറഞ്ഞതോടെയാണ് യുവതിയും യുവാവും ഒളിച്ചോടിയത്. തൊടുപുഴ മുട്ടം ടൗണിന് സമീപം താമസിക്കുന്ന യുവതിയാണ് വിവാഹം നിശ്ചയിച്ച ഉടുമ്പന്നൂർ സ്വദേശിയായ യുവാവിനൊപ്പം ഇറങ്ങിപ്പോയത്. ബംഗളൂരുവിലേക്കാണ് ഇരവരും പോയത്. പെൺകുട്ടി ഇറങ്ങിപ്പോയതോടെ യുവതിയുടെ പിതാവ് മുട്ടം പൊലീസിൽ പരാതി നൽകി. പരാതി നൽകിയതിനു പിന്നാലെകയാണ് ഇറങ്ങിപ്പോക്കിന് പിന്നിലുള്ള ചരിത്രം വെളിപ്പെടുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.

വിവാഹം ഉറപ്പിച്ച ശേഷമാണ് പെണ്ണുവീട്ടിലെ ചില മുതിർന്ന ആൾക്കാർ ബന്ധത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പെണ്ണുവീട്ടുകാരുടെ കുടുംബത്തിനൊപ്പം ചേർക്കാൻ പറ്റിയ കുടുംബമാണോ ചെറുക്കൻ വീട്ടുകാരുടേതെന്ന സംശയമാണ് അവർ ഉയർത്തിയത്. മുതിർന്നവരുടെ വാദം മറ്റു ചില ബന്ധുക്കൾ കൂടി ഏറ്റുപിടിച്ചതോടെ സംഭവം വിവാദത്തിലേക്ക് നടന്നു കയറി. ഒരു സമയത്ത് ഈ വിവാഹം നടക്കുമോ എന്നു പോലും സംശയം ഉടലെടുത്തു. കാര്യങ്ങൾ പ്രശ്‌നത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിക്കൊണ്ടാണ് പയ്യനും പെൺകുട്ടിയും ഇത്തരത്തിലൊരു നിലപാട് കൈക്കൊണ്ടതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വളയിടൽ ചടങ്ങ് പോലും നടത്തിയത്. ചടങ്ങ് കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ വിവാഹത്തിൽ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെൺകുട്ടി യുവാവിനൊപ്പം നാടു വിട്ടതെന്നും പൊലീസ് പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തിൽ ഇരുവരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരിക്കുകയാണ്. ഇതിനിടെ കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയാകുകയും ചെയ്തു. പെണകുട്ടിയെ കാണാനില്ലെന്ന പരാതി നൽകിയെങ്കിലും കാര്യങ്ങൾ അറിഞ്ഞതോടെ ഇരു വീട്ടുകാർക്കും പരാതിയില്ലെന്ന് പറയുകയായിരുന്നു. അതുകൊണ്ടു തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുട്ടം പൊലീസ് വ്യക്തമാക്കി.

Leave a Reply