തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0

തിരുവല്ല: തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അനു ജോർജ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റയോട് 15നെതിരെ 17 വോട്ടുകൾക്കാണ് അനു ജോർജിന്റെ വിജയം.39 അംഗങ്ങളാണ് കൗൺസിലിൽ ഉളളത്. ബിജെപിയിലെ ആറ് അംഗങ്ങളും ഒരു എസ്ഡിപിഐ അംഗവും വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.

എൽഡിഎഫ് പിന്തുണയോടെ വിജയിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചതിനെ തുടർന്നാണ് നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായത്. ശാന്തമ്മ വർഗീസ് രാജിവെച്ചതോടെയാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങിയത്. ഇത്തവണ ശാന്തമ്മ വർഗീസ് യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശാന്തമ്മ വർഗീസ് കൂറുമാറി എൽഡിഎഫ് പക്ഷത്തുപോയെങ്കിലും ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രതിനിധിയായി അന്ന് അനു ജോർജായിരുന്നു മത്സരിച്ചത്.

Leave a Reply