എം.ഡി.എം.എയുമായി രണ്ട്‌ യുവാക്കള്‍ പിടിയില്‍

0


തൊടുപുഴ: നിരോധിത ലഹരി വസ്‌ഥുവായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ തൊടുപുഴ എക്‌സൈസ്‌ പിടികൂടി. ഓട്ടോ തൊഴിലാളിയായ മഞ്ഞള്ളൂര്‍ അച്ചന്‍കവല തൈപ്പറമ്പില്‍ അന്‍സിഫ്‌ അന്‍സാര്‍ (25), പെരുമ്പള്ളിച്ചിറ കുന്നത്ത്‌ ഷംനാസ്‌ ഷാജി (33) എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍നിന്നും 72 മില്ലി ഗ്രാം എം.ഡി.എം.എ, കാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.
വെങ്ങല്ലൂര്‍ – മങ്ങാട്ട്‌ കവല നാല്‌ വരി പാതയില്‍ ശനിയാഴ്‌ച രാത്രിയിലാണ്‌ പ്രതികള്‍ പിടിയിലായത്‌. ലഹരി ഇടപാട്‌ നടക്കുന്നതുമായി ബന്ധപ്പെട്ട്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസിന്റെ സ്‌ട്രൈക്കിങ്‌ ഫോഴ്‌സ്‌ നഗരത്തില്‍ വൈകിട്ട്‌ പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംശയാസ്‌പദമായി കണ്ട രൂപമാറ്റംവരുത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്‌. പ്രതികളിലൊരാളായ ഷംനാസ്‌ ഷാജി ഏതാനും മാസം മുമ്പ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനൊപ്പം എം.ഡി.എം.എ വില്‍പ്പനക്കിടെ പിടിയിലായിട്ടുണ്ട്‌. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട്‌ ആഴ്‌ചകള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.
പ്രതികളെ ഇടുക്കി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി. തൊടുപുഴ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സി.ആര്‍. പദ്‌മകുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.കെ. മജീദ്‌, കെ.വി. സുകു, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ അഗസ്‌റ്റിന്‍ ജോസഫ്‌, പി.എസ്‌. ബിനീഷ്‌ കുമാര്‍, വി. റിനേഷ്‌, ഡ്രൈവര്‍ എം.എ. സലിം കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

Leave a Reply