ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ രണ്ടുപേര്‍ വന്നു ; തോക്കുചൂണ്ടി ഗേറ്റ് തുറക്കാന്‍ പറഞ്ഞു ; ഹര്‍ജിതും കൂട്ടാളിയും ഒളിച്ചു താമസിച്ചത് സര്‍പാഞ്ചിന്റെ വീട്ടില്‍

0


ജലന്ധര്‍: പലായനം ചെയ്ത അമൃത്പാല്‍ സിംഗിന്റെ കീഴടങ്ങിയ അമ്മാവന്‍ ഹര്‍ജിത് സിംഗും സഹായിയും താമസിച്ചത് മഹത്പൂരിന് സമീപമുള്ള ഉദ്ധോവല്‍ ഗ്രാമത്തിലെ സര്‍പാഞ്ചിന്റെ വീട്ടില്‍. വീട്ടിലേക്ക് കടന്നുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയായിരുന്നു താമസിച്ചത്.

സര്‍പാഞ്ച് മന്‍പ്രീത് സിംഗിന്റെ പരാതിയില്‍ പോലീസ് അമൃത്പാല്‍, ഹര്‍ജിത്, ഹര്‍പ്രീത് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ താല്‍പര്യത്തോടെ നടത്തിയ ഭവനഭേദനത്തിനും തെറ്റായ തടഞ്ഞുവെയ്ക്കലിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തു.

സഹോദരന്‍ കമല്‍പ്രീത് മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് 12 മണിയോടെ ഒരു മെഴ്‌സിഡസ് കാറില്‍ രണ്ടുപേര്‍ വന്ന് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. കാര്‍ അവര്‍ വീട്ടിലേക്ക് ഓടിച്ചുകയറ്റുകയും സംഘത്തിലെ മുതിര്‍ന്നയാള്‍ താന്‍ അമൃത്പാല്‍ സിംഗിന്റെ സഹോദരന്‍ ഹര്‍ജിത്ത് സിംഗ് ആണെന്ന് പറഞ്ഞ് തോക്കു ചൂണ്ടുകയും ചെയ്തു.

സഹോദരന്‍ മുറി തുറന്നു കൊടുക്കുകയും അവര്‍ അവിടെ താമസിക്കുകയുമായിരുന്നു. ആരും വെളിയില്‍ പോകരുതെന്ന് ഭീഷണിമുഴക്കി. ആരെങ്കിലും എന്തെങ്കിലും വിവരം പോലീസിനെ അറിയിച്ചാല്‍ അതിന്റെ പരിണിതഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി.

ഭീഷണിപ്പെടുത്തി ഇവര്‍ ഭക്ഷണവും കഴിച്ചു. മാര്‍ച്ച് 19 ന് രാത്രി 11 മണിയോടെ ഇവര്‍ വീട്ടില്‍ നിന്നും പോകുകയും ചെയ്തു. തുടര്‍ന്ന് ടെലിവിഷന്‍ വാര്‍ത്തയിലൂടെ ഇരുവരും അറസ്റ്റിലായ വിവരം അറിഞ്ഞതോടെയാണ് വീട്ടുകാര്‍ പോലീസില്‍ വിവരം പറഞ്ഞത്.

ഹർജിത് സിങ്ങും ഡ്രൈവർ ഹർപ്രീത് സിംഗും പുലർച്ചെ 1:30 ഓടെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ബോർഡർ റേഞ്ച്) നരേന്ദ്ര ഭാർഗവിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച മെഹത്പൂർ പോലീസ് സ്റ്റേഷനിൽ പഞ്ചാബ് പോലീസ് നടത്തിയ തിരച്ചിലിനിടെ ഇവർ രക്ഷപ്പെട്ട മെഴ്‌സിഡസ് കാറും പോലീസ് കണ്ടെടുത്തു.

Leave a Reply