സിപിഎമ്മിനെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്താക്കിയവർ

0

സിപിഎമ്മിനെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്താക്കിയവർ. മലപ്പുറം തിരൂരിലെ പാർട്ടിയിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. വെട്ടം വാക്കാട് ബ്രാഞ്ചിൽനിന്ന് പുറത്താക്കപ്പെട്ട സഹീർ പട്ടത്ത്, ഇബ്രാഹിംകുട്ടി പട്ടത്ത്, ആബിദ് പട്ടത്ത്, ശരത്‌ലാൽ താഴേപ്പുരയ്ക്കൽ എന്നിവരാണ് ബ്രാഞ്ച് കമ്മിറ്റിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മുസ്ലിംലീഗുമായുള്ള സംഘർഷം കാശിവാങ്ങി ഒതുക്കിയെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

മുൻപ് ലീഗുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പിന്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിക്ക് 1.35 ലക്ഷം രൂപ ലഭിച്ചെന്നും ഇത് ബ്രാഞ്ച് കമ്മിറ്റി അക്രമത്തിന് ഇരയായവർക്കു നൽകാതെ കൈവശം വച്ചെന്നുമാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, പാർട്ടി കൺട്രോൾ കമ്മിഷൻ എന്നിവയ്ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ ആരോപിച്ചു. ഇക്കാര്യം കാണിച്ച് പാർട്ടിയിലെ ഒരു വിഭാഗം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി തീരദേശത്ത് നടത്തിയ ജാഥയ്ക്ക് വാക്കാട്ട് സ്വീകരണം നൽകിയില്ലെന്നു പരാതിപ്പെട്ട് ഇവരടങ്ങുന്ന സംഘം ജാഥ തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് 4 പേർക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചത്. വാക്കാട് ബ്രാഞ്ചിൽ ഏറെ നാളായി തുടരുന്ന ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ കാരണം ബ്രാഞ്ച് കമ്മിറ്റിയെ മരവിപ്പിച്ചിരുന്നു.

അതേസമയം, മേൽക്കമ്മിറ്റിയെ അറിയിക്കാതെ വാക്കാട് ബ്രാഞ്ച് കമ്മിറ്റി ലീഗുമായി ചർച്ച നടത്തിയെന്നും ഒത്തുതീർപ്പിന്റെ ഭാഗമായി പണം വാങ്ങിയെന്നും കാണിച്ച് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും പാർട്ടി പുറത്താക്കിയിട്ടുണ്ട്

Leave a Reply