കട്ട നിർമ്മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി

0

കട്ട നിർമ്മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ബഹളം കേട്ട് നാട്ടുകാർ ഇന്നോവയെ പിന്തുടർന്നു. കല്ലേറിൽ ഇന്നോവയുടെ പിന്നിലെ ചില്ലു തകർന്നു. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമെന്റ് കട്ട നിർമ്മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുർ സ്വദേശി ചാങ്ങയിൽ ബാബുക്കുട്ടനെയാണ് തട്ടിക്കൊണ്ടു പോയത്.

ഉച്ച കഴിഞ്ഞ് 2.40 ന് പീച്ച് നിറത്തിലുള്ള ഇന്നോവയിൽ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടിൽ നിന്ന് ബാബുക്കുട്ടനെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്റെ പിന്നിലെ ചില്ലുകൾ തകർന്നു. കാർ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്നമുള്ളതായും അറിവില്ല.

പത്തനംതിട്ട ജില്ലയിലെ പൊലീസ് സേന ഒന്നടങ്കം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കോന്നി, പത്തനംതിട്ട ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സിസിടിവികളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here