റിസോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

0

ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാർ എലിഫെന്റ് പാസേജ് റിസോർട്ടിലെ ഷെഫ് കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ജോജി ജോണിന്റെ(39)മരണത്തിന് ഇടയാക്കിയത് വീഴ്ചയുടെ ആഘാതത്തിലുണ്ടായ പരിക്കുകൾ മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് എതിർവശത്ത് വനത്തിൽ ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ ജോജിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. തുടർന്ന് അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചിരുന്നു. ഇന്നലെ നടന്ന പോസ്റ്റുമോട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.

രാത്രി വൈകിയുള്ള യാത്രയ്ക്കിടെ റോഡിന് സമീപമുള്ള കലുങ്കിൽ വിശ്രമിക്കവെ താഴെ പതിച്ചിരിക്കാമെന്നാണ് പൊലീസ് അനുമാനം. 20 അടിയോളം താഴ്ചയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. കല്ലിൽ തലയിടിച്ചത് വീഴ്ചയുടെ ആഘാതം വർദ്ധിപ്പിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

അടുപ്പിച്ച് നാല് ദിവസം ലീവ് കിട്ടിയപ്പോൾ സന്തോഷത്തിലാണ് ബുധനാഴ്ച രാത്രി 11.30 തോടെ ജോജി വീട്ടിലേയ്ക്ക് പുറപ്പെട്ടതെന്നാണ് റിസോർട്ടിലെ സഹപ്രവർത്തകരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. മൂന്നാറിലെ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് 20 ദിവസമെ ആയിട്ടുള്ളുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്നലെ രാവിലെ ഇവിടെ കലുങ്കിന് അടുത്ത് സ്‌കൂട്ടർ കാണപ്പെട്ടിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരിൽ ചിലരാണ് കലുങ്കിന് താഴെ മൃതദ്ദേഹം കണ്ടെത്തിയത്. താമസിയാതെ വിവരം അറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദ്ദേഹം കാണപ്പെട്ടതിന് തൊട്ടടുത്ത് സ്പോഞ്ചും പ്ലാസ്റ്റിക് കവറുകും അടക്കുമുള്ള വസ്തുക്കൾ കുമ്പാരമായി കിടന്നിരുന്നു.ഈ ഭാഗത്താണ് ജോജി പതിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply