കുഴൽമന്ദത്ത് തലയ്ക്ക് അടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സുരേന്ദ്രൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ്

0

കുഴൽമന്ദത്ത് തലയ്ക്ക് അടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സുരേന്ദ്രൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംസാര ശേഷിയില്ലാത്ത സുരേന്ദ്രനെ വിശദമായി ചോദ്യം ചെയ്യാൻ ഇന്നു തന്നെ ആംഗ്യഭാഷ വശമുള്ള വിദഗ്ധനെ സ്റ്റേഷനിൽ എത്തിക്കും. അതിന് ശേഷമായിരിക്കും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുക. ആലത്തൂർ ഡിവൈഎസ്‌പി ആർ.അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഭർത്താവും വീട്ടമ്മയുടെ സുഹൃത്തും നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. തേങ്കുറിശ്ശി തെക്കേക്കര കോട്ടപ്പള്ള വീട്ടിൽ ബാലന്റെ മകൾ ഉഷ (42) ആണു കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ അടുക്കളയിലാണു തലയ്ക്കു സാരമായി പരുക്കേറ്റു രക്തം വാർന്ന നിലയിൽ ഉഷയെ കണ്ടെത്തിയത്. ചുവട്ടുപാടത്തെ സുഹൃത്ത് അറിയിച്ചതിനെ തുടർന്നു കുഴൽമന്ദം പൊലീസാണു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വടക്കഞ്ചേരി മേരിഗിരി സ്വദേശികളായ ഉഷയും ഭർത്താവു സുരേന്ദ്രനും ഒരു വർഷം മുൻപാണു കോട്ടപ്പള്ളയിൽ താമസമാക്കിയത്. കുടുംബവഴക്കിനെത്തുടർന്ന് ആറുമാസമായി ഭർത്താവുമായി അകന്നു താമസിക്കുകയാണ്. ഇരുവർക്കുമിടയിൽ സ്വത്തു തർക്കമുണ്ടായിരുന്നുവെന്നത് മാത്രമല്ല വീട്ടമ്മയ്ക്ക് സുഹൃത്തുമായുള്ള ബന്ധവും സുരേന്ദ്രൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് സുരേന്ദ്രനെ സംശയിക്കാൻ കാരണം. അയൽക്കാരുമായി ബന്ധമില്ലാതിരുന്നതിനാൽ ആക്രമണവിവരം പുറത്തറിയാൻ വൈകി. അമിതമായി രക്തം വാർന്നുപോയതാണു മരണകാരണം. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ടു നാലോടെ അണക്കപ്പാറ പയ്യക്കുണ്ടിലെ സഹോദരന്റെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം ഐവർമഠത്തിൽ സംസ്‌കരിച്ചു.

വീട്ടമ്മ മരിച്ച സംഭവത്തിൽ ആദ്യം മുതലേ ദുരൂഹതയുണ്ടായിരുന്നു. തലയ്ക്കു പനംപട്ടത്തണ്ടുകൊണ്ട് അടിച്ച പാടുകളുണ്ടായിരുന്നു. ഇരുവരും തമ്മിലുണ്ടായ മൽപിടുത്തത്തിൽ വീട്ടമ്മ ചുമരിന്റെ കോണിൽ തട്ടി വീണപ്പോഴാകാം മാരകമായി പരുക്കേറ്റത് എന്നാണു പ്രാഥമിക നിഗമനം. ഉഷയുടെ തലയോട്ടി പൊട്ടി രക്തം വാർന്നുപോയതാണു മരണകാരണം.

ഒന്നര വർഷം മുൻപാണു വടക്കഞ്ചേരി മുടപ്പല്ലൂർ ചക്കാന്തറ സ്വദേശിയായ ഉഷയും സുഹൃത്തും ചേർന്ന് 63 സെന്റ് സ്ഥലം കോട്ടപ്പള്ള തെക്കേക്കരയിൽ വാങ്ങിയത്. തുടർന്ന് ഉഷയും ഭർത്താവ് സംസാരശേഷിയില്ലാത്ത സുരേന്ദ്രനും തെക്കേക്കരയിൽ താമസം തുടങ്ങി. ഉഷയും സുഹൃത്തും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ നിത്യേന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവത്രെ. ഇതിന്റെ ഭാഗമായി ആറു മാസം മുൻപു സുരേന്ദ്രൻ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു സംസാരിച്ചിരുന്നു.

എന്നാൽ, തുടർന്നും ഉഷ സൗഹൃദം തുടർന്നു. ഇതിൽ കുപിതനായ സുരേന്ദ്രൻ ഭാര്യയിൽ നിന്നു 3 മാസമായി അകന്നു താമസിക്കുകയായിരുന്നു. വടക്കഞ്ചേരി ചുവട്ടുപാടം മേരിഗിരിയിൽ റബർ തോട്ടത്തിൽ ആണ് സുരേന്ദ്രനു ജോലി. സംഭവദിവസം ഉഷ സുഹൃത്തിനെ ഫോണിൽ വിളിച്ചു വീടിന്റെ പിറകുവശത്ത് ഓട് ഇളക്കുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നും ആരോ മർദിക്കാൻ വരുന്നതായും അറിയിച്ചതായി കുഴൽമന്ദം പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here