തിരുവനന്തപുരം: കൊച്ചി, ബ്രഹ്‌മപുരത്തു മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്നു മന്ത്രി എം.ബി. രാജേഷ്. തീ ഇന്നുകൊണ്ട് പൂര്‍ണമായി അണയ്‌ക്കാന്‍ കഴിയുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ദീര്‍ഘകാലനടപടികള്‍ പ്രതിപക്ഷനേതാവും ജില്ലയിലെ മറ്റ് ജനപ്രതിധികളുമായി ചര്‍ച്ചചെയ്‌ത് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തീപിടിത്തമുണ്ടായപ്പോള്‍തന്നെ മേയര്‍, എം.എല്‍.എ. തുടങ്ങിയവരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു. മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവര്‍ നേരിട്ടും താന്‍ ഓണ്‍ലൈനിലും യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പരിഭ്രാന്തിയുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കി. തീ ഏറെക്കുറെ അണച്ചു. അഗ്നിശമനസേനയുടെ വാഹനങ്ങള്‍ക്ക് എത്താനാകാത്തതു പ്രശ്‌നം വഷളാക്കി. അത് പരിഹരിച്ചു. വായുമലിനീകരണം പരിശോധിച്ചുവരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കി. രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ഒരുക്കിയിരുന്നെങ്കിലും ആരും ഉപയോഗിച്ചിട്ടില്ല. സംസ്‌ഥാനത്തു വ്യാപകമായി തീപിടിത്തമുണ്ടാകുന്നതിനു കാരണം ഉയര്‍ന്ന അന്തരീക്ഷതാപനിലയാണ്. ബ്രഹ്‌മപുരത്ത് 500 ടണ്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സജ്‌ജമാക്കും. ഒപ്പം ജൈവവളം നിര്‍മാണത്തിനുള്ള സംവിധാനവുമൊരുക്കും. 24 മണിക്കൂറും ബയോമൈനിങ് നടത്തും. ജൂണ്‍ വരെയാണു കരാര്‍ കാലാവധിയെന്നും മന്ത്രി വ്യക്‌തമാക്കി