ഉണക്കാനിട്ട ഗ്രാമ്പു മോഷ്‌ടിച്ച്‌ കടക്കവെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്‌ടാക്കളെ നാട്ടുകാര്‍ പിടികൂടി

0

ഉണക്കാനിട്ട ഗ്രാമ്പു മോഷ്‌ടിച്ച്‌ കടക്കവെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്‌ടാക്കളെ നാട്ടുകാര്‍ പിടികൂടി. നെടുങ്കണ്ടം കഴുപ്പില്‍ സുജിത്‌ (19), ചിറകുന്നേല്‍ അന്‍സല്‍ (19) എന്നിവരാണ്‌ പിടിയിലായത്‌. പത്തുവളവ്‌ ഞൊണ്ടന്‍മാക്കല്‍ സോമന്‍ ഉണക്കാനിട്ടിരുന്ന ഗ്രാമ്പു ഇന്നലെയാണ്‌ ബൈക്കിലെത്തിയ സുജിതും അന്‍സലും ചേര്‍ന്ന്‌ കവര്‍ന്നത്‌.
സോമന്റെ പുരയിടത്തിലെ ഗ്രാമ്പു വിളവെടുത്തത്‌ പ്രദേശവാസി കുഞ്ഞുമോന്റെ സഹായത്തോടെയാണ്‌. ഗ്രാമ്പു വിളവെടുപ്പിനുള്ള ഉയര്‍ന്ന കൂലിയും, കഷ്‌ടപ്പാടും കാരണം രണ്ടുപേര്‍ക്കും ഗ്രാമ്പൂ പകുതി വീതമെന്ന നിലയിലാണ്‌ വിളവെടുത്തത്‌. മൂന്നുദിവസമായി പത്തുവളവിലെ റോഡിനോട്‌ ചേര്‍ന്നുള്ള സ്‌ഥലത്ത്‌ ഗ്രാമ്പു ഉണങ്ങാനിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30നാണ്‌ സുജിതും അന്‍സലും ചേര്‍ന്ന്‌ ഗ്രാമ്പു മോഷ്‌ടിച്ചത്‌. ഹെല്‍മെറ്റ്‌ ധരിച്ചയാള്‍ ഗ്രാമ്പു എടുക്കുന്നതുകണ്ട പൊന്‍മലകുന്നേല്‍ മാത്യു കുര്യന്‍ മോഷണസംഘത്തിന്റെ പിന്നാലെ എത്തിയെങ്കിലും സുജിതും അന്‍സലും ബൈക്കില്‍ അതിവേഗം രക്ഷപ്പെട്ടു. തുടര്‍ന്ന്‌ സോമനും നാട്ടുകാരും പ്രദേശത്ത്‌ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
സോമന്‍ വിവരം പോലീസില്‍ അറിയിച്ചതോടെ മലഞ്ചരക്ക്‌ കടകളില്‍ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി.
ഇതിനിടെ ഗ്രാമ്പു വില്‍ക്കാനായി സുജിതും അന്‍സലും നെടുങ്കണ്ടം തോട്ടുവാക്കടയില്‍ എത്തിയപ്പോള്‍ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. സംശയംതോന്നിയ നാട്ടുകാര്‍ ഇവരുടെ കൈയിലിരുന്ന ചാക്ക്‌ പരിശോധിച്ചപ്പോള്‍ ഗ്രാമ്പുവാണെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ പ്രതികളെ നെടുങ്കണ്ടം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ മറ്റൊരു മോഷണ കേസ്‌ കൂടിയുണ്ട്‌.
നെടുങ്കണ്ടം എസ്‌.ഐ ടി.എസ്‌. ജയകൃഷ്‌ണന്‍, എസ്‌.ഐമാരായ ബിനോയി എബ്രഹം, സജീവന്‍, പോലീസ്‌ ഉദ്യോഗസ്‌ഥരായ സുനില്‍ മാത്യൂ, യൂനസ്‌ എന്നിവരടങ്ങിയ സംഘം പ്രതികളെ മോഷണം നടന്ന സ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. നെടുങ്കണ്ടം, കമ്പംമെട്ട്‌ മേഖലയില്‍ സമീപകാലത്ത്‌ നിരവധി മോഷണശ്രമങ്ങളും മോഷണവും നടന്നിരുന്നു. പത്തുവളവില്‍ ഉണങ്ങാനിട്ടിരുന്ന കുരുമുളക്‌ മോഷ്‌ടിച്ച്‌ കടത്തിയ സംഭവം സമീപകാലത്തുണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു.

Leave a Reply