വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ വെറുതെവിട്ട് കർണാടക ഹൈക്കോടതി

0

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ വെറുതെവിട്ട് കർണാടക ഹൈക്കോടതി. അഞ്ചു വർഷത്തോളം സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം സാധ്യമാകില്ലെന്നും ഇതിനെ പീഡനമായി കണക്കാക്കാനാകില്ലെന്നും നിരീക്ഷിച്ചാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്.

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെതിരെ പെൺകുട്ടി പരാതി നൽകിയത്. കല്യാണം കഴിക്കുമെന്ന ഉറപ്പിൽ പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ യുവാവ് പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ ഉന്നയിച്ചു. പരാതിയിൽ ബംഗളൂരു 53-ം സിറ്റി സിവിൽ-സെഷൻസ് കോടതി യുവാവിനെതിരെ ലൈംഗികപീഡന, വിശ്വാസ വഞ്ചനാ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു.

സെഷൻസ് കോടതി വിധിക്കെതിരെ യുവാവ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചു വർഷമായി താനും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് ഇയാൾ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ സമ്മതിച്ചു. വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടുപേരും വ്യത്യസ്ത ജാതിക്കാരായതു വിവാഹത്തിനു തടസമായെന്നും യുവാവ് കോടതിയിൽ വാദിച്ചു.

‘കേസിലെ ഉഭയസമ്മതം ഒരു ദിവസത്തേക്കോ രണ്ടു ദിവസത്തേക്കോ മൂന്നു ദിവസത്തേക്കോ മാസങ്ങൾക്കോ ആയിരുന്നില്ല. വർഷങ്ങളാണ് പരസ്പര സമ്മതത്തോടെ കഴിഞ്ഞത്. കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷം. അതുകൊണ്ടുതന്നെ അഞ്ചുവർഷം പെൺകുട്ടിയുടെ താൽപര്യത്തിനു വിരുദ്ധമായായിരുന്നു ലൈംഗികബന്ധമെന്ന് പറയാനാകില്ല.’-കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ദൈർഘ്യവും അതിനിടയിൽ ചെയ്ത പ്രവർത്തനങ്ങളുമാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 375-ാം വകുപ്പിന്റെ കാഠിന്യം കുറയ്ക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രണയകാലത്ത് ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ ശിക്ഷാനിയമത്തിലെ 406-ാം വകുപ്പ് പ്രകാരമുള്ള വിശ്വാസവഞ്ചനയിൽ വരില്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേർത്തു.

Leave a Reply