വഴിയില്‍ ഇനി രാപ്പകല്‍ സ്‌ക്വാഡ്‌; മാലിന്യം തള്ളിയാല്‍ പിടിവീഴും

0


കൊച്ചി : മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനായി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ്‌ സംഘത്തെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്‌. പൊതുവിടങ്ങളില്‍ മാലിന്യം തള്ളിയാല്‍ തല്‍ക്ഷണം പിഴയടിക്കും. തുടര്‍നിയമനടപടികളും നേരിടേണ്ടിവരും. വിപുലമായ അധികാരങ്ങളോടെയാണ്‌ പുതിയ സംവിധാനം.
നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാന്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു പൂര്‍ണമായി കഴിയാത്ത സാഹചര്യത്തിലാണു പുതിയ സംവിധാനം. തദ്ദേശസ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ്‌, വാഹനലഭ്യതക്കുറവ്‌ എന്നിവയും നടപടികള്‍ക്കു തടസമാണ്‌. ഈ സാഹചര്യത്തിലാണു സ്‌പെഷല്‍ സ്‌ക്വാഡിനെ ജില്ലാതലത്തില്‍ നിയമിക്കുന്നത്‌. ജില്ലാ ടീം തദ്ദേശസ്‌ഥാപനങ്ങളുമായി ചേര്‍ന്നും ഒറ്റയ്‌ക്കും രാപ്പകല്‍ മിന്നല്‍പരിശോധനകള്‍ നടത്തും. കുറ്റം കണ്ടെത്തിയാല്‍ തല്‍ക്ഷണം പിഴയടപ്പിക്കും.
തദ്ദേശസ്വയംഭരണവകുപ്പ്‌ ജില്ലാ ജോയിന്റ്‌ ഡയറക്‌ടര്‍ ചെയര്‍മാനായും ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ നോഡല്‍ ഓഫീസറായുമാണ്‌ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ്‌ രൂപീകരിക്കേണ്ടത്‌. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഒരു സ്‌ക്വാഡും മറ്റ്‌ ജില്ലകളില്‍ രണ്ട്‌ സ്‌ക്വാഡും രൂപീകരിക്കും. പോലീസ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ഉദ്യോഗസ്‌ഥരും സ്‌ക്വാഡലുണ്ടാകും. ജില്ലാ ജോയിന്റ്‌ ഡയറക്‌ടര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
സ്‌ക്വാഡിന്‌ ഓഫീസും വാഹനസൗകര്യവും ഏര്‍പ്പെടുത്തും. നിയമലംഘനത്തിന്റെ തെളിവുകള്‍ ഡിജിറ്റലായി ശേഖരിക്കും. ഇതിനായി ക്യാമറയും വീഡിയോ റെക്കോഡറും ലഭ്യമാക്കും. പൊതുജനങ്ങള്‍ക്കായി പരാതി സെല്‍ രൂപീകരിക്കും. പ്രതിമാസം കുറഞ്ഞത്‌ 20 പരിശോധനകള്‍ സ്‌ക്വാഡ്‌ നടത്തും. കഴിഞ്ഞ 21-നാണ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പുവച്ച ഉത്തരവിറങ്ങിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here