ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുള്ള അധികാര വടംവലി; അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ പമ്പയിലേയും ശബരിമല സന്നിധാനത്തേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്‌തംഭിച്ചു

0

ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുള്ള അധികാര വടംവലിയെത്തുടര്‍ന്ന്‌ അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ പമ്പയിലേയും ശബരിമല സന്നിധാനത്തേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്‌തംഭിച്ചു. ഇവിടെയുള്ള രണ്ട്‌ ക്യാമ്പ്‌ ഓഫീസുകളും കഴിഞ്ഞ 14ന്‌ അടച്ചുപൂട്ടി. തര്‍ക്കത്തിനു പിന്നില്‍ ചില ഭരണകക്ഷി ഉന്നതര്‍ക്ക്‌ പങ്കുണ്ടെന്ന്‌ ആരോപണം ശക്‌തമാണ്‌.
അയ്യപ്പ സേവാ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലടി വേലായുധന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണു പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. 51 അംഗ വര്‍ക്കിങ്‌ കമ്മിറ്റി യോഗം ചേര്‍ന്ന്‌ സേവാ സംഘം തിരുവനന്തപുരം യൂണിയന്‍ പ്രസിഡന്റ്‌ ഗോവിന്ദപത്മനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഇതിനെതിരേ വൈസ്‌ പ്രസിഡന്റ്‌മാരില്‍ ഒരാളായ കൊല്ലം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തന്റെ പേരില്‍ പ്രസ്‌ഥാനത്തിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതില്‍ മനംനൊന്ത്‌ ഗോവിന്ദപത്മന്‍ രാജിവച്ചു. ഇതോടെ വീണ്ടും വര്‍ക്കിങ്‌ കമ്മിറ്റി യോഗം ചേര്‍ന്ന്‌ മറ്റൊരു വൈസ്‌ പ്രസിഡന്റായ അഡ്വ.ഡി. വിജയകുമാറിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇതിനിടെ ജനറല്‍ സെക്രട്ടറി താനാണെന്ന അവകാശവാദവുമായി കൊല്ലം ജനാര്‍ദ്ദനനും രംഗത്തെത്തി.
വര്‍ക്കിങ്‌ കമ്മിറ്റിയില്‍ 45 പേരുടെ പിന്തുണയോടെയാണ്‌ അഡ്വ.ഡി.വിജയകുമാര്‍ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്‌. മിനിറ്റ്‌സ്‌ അടക്കമുള്ള എല്ലാ രേഖകളും ഇത്‌ ശരിവയ്‌ക്കുന്നു. കൂടാതെ സേവാ സംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍ബോഡി 25ന്‌ തൃച്ചി ശ്രീരംഗത്ത്‌ നടക്കുകയാണ്‌. പ്രസിഡന്റ്‌ ഡോ.അയ്യപ്പന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡി.വിജയകുമാറാണ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നത്‌.
സംഘടന പടിക്കാന്‍ വിമതര്‍ നടത്തുന്ന നീക്കം ജനറല്‍ ബോഡിയിലെ പ്രധാന വിഷയമാണ്‌. ഈ യോഗത്തിലേക്ക്‌ കൊല്ലം ജനാര്‍ദ്ദനനെ ക്ഷണിച്ചിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്‌.
ശബരിമല ഉത്സവത്തിനു നട തുറക്കാന്‍ ആഴ്‌ചകള്‍മാത്രം ശേഷിച്ചിരിക്കെ അയ്യപ്പസേവാ സംഘത്തില്‍ ഉണ്ടായ വിമത പ്രവര്‍ത്തനം ഭക്‌തരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്‌.
മീനമാസ പൂജകള്‍ക്ക്‌ ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി, അഡ്വ. ഡി.വിജയകുമാര്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനം വഹിക്കുന്ന ഔദ്യോഗിക വിഭാഗം പമ്പാ ക്യാമ്പ്‌ ഓഫീസറായി പ്രകാശ്‌ മാട്ടാംഗോട്ടിനെയും ക്യാമ്പ്‌ നടത്തിപ്പിനായി റാന്നി യൂണിയന്റെ ചുമതല വഹിക്കുന്ന പ്രസാദ്‌ കുഴിക്കാലയെയും ചുമതലപ്പെടുത്തിയിരുന്നു.
ഇവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 13നു തന്നെ പമ്പയിലെത്തി. എന്നാല്‍ 14ന്‌ പുലര്‍ച്ചെ കൊല്ലം ജനാര്‍ദ്ദനനെ പിന്തുണയ്‌ക്കുന്ന ഒരു സംഘം ആളുകള്‍ പമ്പാ ക്യാമ്പ്‌ ഓഫീസിലെത്തി ബലപ്രയോഗത്തിലൂടെ ഓഫീസിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന്‌ അഡ്വ.ഡി. വിജയകുമാര്‍ പറയുന്നു.
പമ്പാ പോലീസിന്‌ മുന്നില്‍ രേഖകള്‍ ഹാജരാക്കിയിട്ടും തങ്ങളുടെ വാദഗതികള്‍ അംഗീകരിക്കുന്നില്ലെന്ന്‌ ഔദ്യോഗിക വിഭാഗം പരാതിപ്പെടുന്നു. ഭരണകക്ഷിയിലെ ചില ഉന്നതരുടെ സ്വാധീനമാണ്‌ ഇതിനു പിന്നിലെന്നും അവര്‍ ആരോപിക്കുന്നു. ഇതിനിടെ പമ്പാ ക്യാമ്പ്‌ ഓഫീസ്‌ തുറന്നത്‌ തങ്ങളാണെന്നും പ്രസാദ്‌ കുഴിക്കാലയുടെ നേതൃത്വത്തിലുള്ള സംഘം സ്‌റ്റേറ്റ്‌ സെക്രട്ടറി കൊച്ചുകൃഷ്‌ണനെ ആക്രമിച്ച്‌ ക്യാമ്പ്‌ കൈയ്യേറുകയായിരുന്നുവെന്നും ആരോപിച്ച്‌ കൊല്ലം ജനാര്‍ദ്ദനന്‍ ഇന്നലെ പത്തനംതിട്ടയില്‍ പത്രസമ്മേളനം നടത്തി. ജനറല്‍ സെക്രട്ടറി വിവാദം സംബന്ധിച്ച്‌ ഇരു പക്ഷവും കോടതിയെ സമീപിച്ചിട്ടുണ്ട്‌.
1945 ല്‍ ജസ്‌റ്റിസ്‌ ഗോവിന്ദപിള്ള പ്രസിഡന്റായും ഡോ.വേലായുധപിള്ള ജനറല്‍ സെക്രട്ടറിയായും മെരിലാന്‍ഡ്‌ സുബ്രഹ്‌മണ്യം ട്രഷററായും രൂപംകൊണ്ട പ്രസ്‌ഥാനമാണിത്‌.
സ്വാമി ആതുരദാസ്‌, എം.കെ.കെ നായര്‍, മുന്‍ സ്‌പീക്കര്‍ ദാമോദരന്‍ പോറ്റി, തെന്നല ബാലകൃഷ്‌ണപിള്ള തുടങ്ങിയ പ്രമുഖര്‍ അധ്യക്ഷത വഹിച്ച അയ്യപ്പസേവാസംഘത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഇത്തരത്തിലുള്ള വിമത നീക്കം നടക്കുന്നത്‌.

Leave a Reply