മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനും മലയാളിയുമായ അനൂപ് പിള്ള രംഗത്തെത്തി

0

ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനും മലയാളിയുമായ അനൂപ് പിള്ള രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്. അനിഖ സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കുകയും തന്റെ ചെവിയിൽ ബീയർ ഒഴിക്കുകയും മാരകമായി ഉപദ്രവിക്കുകയും ചെയ്തതായി അനൂപ് ആരോപിക്കുന്നു. ഒരു വിധത്തിലാണ് താൻ ആ ഫ്‌ളാറ്റിൽ നിന്നും ഓടി രക്ഷപ്പെട്ടതെന്നും അനൂപ് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.

അനിഖയുമായുള്ള വാട്‌സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്‌ക്രീൻഷോട്ടും അനൂപ് പിള്ള തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുഎസിൽ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്‌ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മർദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

എന്നാൽ അനിഖ പറയുന്നതെല്ലാം കള്ളമാണെന്നാണ് അനൂപ് ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പിൽ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താൻ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വർഷത്തോളം തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയിൽ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സമയത്തെല്ലാം അനിഖയ്ക്ക് ഒരു ഛായാഗ്രാഹകനുമായും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നതായി അനൂപ് ആരോപിക്കുന്നു.

സിനിമയിൽ വേഷങ്ങൾ ലഭിക്കാത്തതിനാൽ താൻ അനിഖയ്ക്കായി കന എന്ന പേരുള്ള ഒരു ആൽബം നിർമ്മിച്ച് നൽകി. പക്ഷേ, നിർഭാഗ്യവശാൽ അത് അവൾ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. പണത്തിനും അവളുടെ നിലനിൽപ്പിനും വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോൾ പിന്മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ, ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാൻ ഇല്ലാത്തതിനാലും തന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയതായി അനൂപ് ആരോപിക്കുന്നു. ഇടപാടുകൾ സംബന്ധിച്ച ചില സ്‌ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.

”ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവൾ എന്നോട് വഴക്കിട്ടു. ഞാൻ ഫ്രീയാണ്, ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാൻ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. അവൾ ഉടൻ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയിൽ ബീയർ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാൻ ഫ്‌ളാറ്റിൽനിന്നു രക്ഷപ്പെടുകയായിരുന്നു.” അനൂപ് പോസ്റ്റിൽ പറയുന്നു.

അനൂപ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തേ,

മലയാള സിനിമാ നടി അനിഖ വിക്രമനെ (രൂപശ്രീ നായർ എന്നാണ് ഔദ്യോഗിക പേര്) ശാരീരികമായി ഉപദ്രവിച്ചുവെന്ന വാർത്തയിലെ കുറ്റാരോപിതനായ അനൂപ് പിള്ള ഞാനാണ്. എനിക്കെതിരെ സോഷ്യൽ മീഡിയയിൽ ധാരാളം വ്യാജ ആരോപണങ്ങൾ നിരത്തിയാണ് ഞാൻ ശാരീരികമായി അവരെ ഉപദ്രവിച്ചുവെന്ന് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തെറ്റായ ആരോപണങ്ങൾ എനിക്കെതിരെ പ്രചരിക്കുന്നതിനാൽ ഇതിലൊരു വ്യക്തമായ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അനിഖയും ഞാനും 2016 ലാണ് കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങൾ വെറും സുഹൃത്തുക്കളായിരുന്നു. താമസിയാതെ അനിഖ എന്റെ കാമുകിയായി. എനിക്ക് 45 വയസ്സുണ്ട്. വിവാഹിതനാണ്, ഒരു കുട്ടിയുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ഞാൻ. മിക്ക സമയത്തും ഞാൻ ഇന്ത്യ സന്ദർശിക്കുമ്പോൾ അനിഖയെ പലതവണ കണ്ടിട്ടുണ്ട്. ഞങ്ങൾ ഏകദേശം രണ്ടു വർഷത്തോളം ഡേറ്റിങ് നടത്തി. അതിനുശേഷം പലപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. എന്നാൽ അക്കാലങ്ങളിലെല്ലാം അവൾക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നതായി ഞാൻ മനസിലാക്കി. എന്റെ അറിവനുസരിച്ച്, അവളുടെ അവസാന കാമുകൻ സിനിമാ മേഖലയിൽ നിന്നുള്ള ഒരുഛായാഗ്രാഹകനായിരുന്നു. എന്നാൽ ആ ബന്ധം ഏഴ് മാസം മുമ്പ് അവസാനിച്ചു.

ഞാൻ ഇന്ത്യയിൽ ആയിരുന്നപ്പോഴെല്ലാം അവൾ എന്നോടൊപ്പം താമസിച്ചു, ഞങ്ങൾ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയിൽ വേഷങ്ങൾ ലഭിക്കാത്തതിനാൽ, അവരുടെ ആവശ്യപ്രകാരം ഞാൻ അനിഖയ്ക്കായി കന എന്ന പേരുള്ള ഒരു ആൽബം നിർമ്മിച്ച് നൽകി. പക്ഷേ, നിർഭാഗ്യവശാൽ അത് അവൾ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അന്നുമുതൽ, ഛായാഗ്രാഹകനുമായുള്ള ഡേറ്റിങ് പുനഃരാരംഭിച്ചു. അവൾക്കായി ഒരു സിനിമ നിർമ്മിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഛായാഗ്രാഹകനായ വ്യക്തിയുമായുള്ള ഡേറ്റിങ്. പക്ഷേ, നിർഭാഗ്യവശാൽ, അവന്റെ പക്കൽ പണമില്ലായിരുന്നു. അത് അവൾ പിന്നീട് മനസ്സിലാക്കുകയും തന്നോട് കള്ളം പറഞ്ഞതിന് അവനെ ഭീഷണിപ്പെടുത്തുകയും അവൾ എന്റെ സഹായം തേടുകയും ചെയ്തു. സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഉള്ളതിനാൽ അനിഖ പിന്നീട് അവന്റെ ഫോൺ തട്ടിയെടുത്തു. ഫോൺ ബാക്കപ്പ് ഉണ്ടെങ്കിൽ അവൻ തന്നെ ഭീഷണിപ്പെടുത്തിയേക്കുമെന്ന് അനിഖ ഭയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം അവൾ മാനസികമായി അസ്വസ്ഥയായി. മനസ്സ് ശരിയാവാൻ യാത്ര ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടതനുസരിച്ച് എന്റെ തിരക്കുകൾക്കിടയിലും ഞാൻ അവളെ ഫൂക്കറ്റിലേക്കും കശ്മീരിലേക്കും കൊണ്ടുപോയി. (ഫോട്ടോകൾ നിങ്ങൾക്ക് അനിക്കയുടെ ഇൻസ്റ്റാഗ്രാമിൽ കാണാം.)

ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും അവളുടെ നിലനിൽപ്പിനും വേണ്ടിയാണ് അനിഖ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ പിന്മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള അനിഖയുടെ താമസത്തിനിടെ അവൾക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാൻ ഇല്ലാത്തതിനാലും എന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്. അവൾ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു അവൾ എന്നെ അടിച്ചതിനെത്തുടർന്ന് ചെവിയുടെ കർണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് ഞാൻ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അവിടം വിടാൻ ഞാൻ അനിഖയോട് ആവശ്യപ്പെട്ടു.

പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അനിഖ ആ ഫ്‌ളാറ്റ് ഒഴിയുന്നതിന് പകരം ചെന്നൈയിലെ അവളുടെ ഫ്‌ളാറ്റ് ഒഴിഞ്ഞ് ബെംഗളൂരുവിലെ എന്റെ അപ്പാർട്ട്മെന്റിലേക്ക് അവളുടെ സാധനങ്ങൾ കൊണ്ടുവന്നു. മുമ്പ് അനിഖയോട് ഞാൻ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവളുടെ കുടുംബം ബെംഗളൂരുവിലാണെങ്കിലും പോകാൻ സ്ഥലമില്ലെന്നുമായിരുന്നു അനിഖയുടെ മറുപടി. തുടർന്ന് ഡിസംബർ 15ന് ഞാൻ ബെംഗളൂരുവിൽ വരുമെന്നതിനാൽ ഡിസംബർ 12നകം എന്റെ അപ്പാർട്ട്മെന്റ് ഒഴിയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അത് അവൾ ചെയ്തില്ല. പക്ഷേ അപ്പാർട്ട്മെന്റ് അടിച്ചു തകർക്കുമെന്ന് അനിക എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. 2022 ഡിസംബർ 15ന് ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴും അവൾ എന്റെ അപ്പാർട്ട്മെന്റിൽ തന്നെയുണ്ടായിരുന്നു. അവൾക്ക് പോകാൻ മനസ്സില്ലായിരുന്നെന്നായിരുന്നു മറുപടി.

അന്നുമുതൽ, ഞാൻ അവളോട് പലതവണ അപ്പാർട്ട്മെന്റ് ഒഴിയാൻ ആവശ്യപ്പെട്ടു, പക്ഷേ അവൾ നിരസിക്കുകയും 2023 ജനുവരി 30 വരെ അവിടെ തന്നെ താമസിക്കുകയും ചെയ്തു. മാറാൻ പണമില്ലെന്ന് അനിഖ ആവർത്തിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഞാൻ അവളോടൊപ്പം ഹൈദരാബാദിലേക്ക് പോയി ഒരു അപ്പാർട്ട്മെന്റ് കണ്ടെത്താൻ സഹായിച്ചു. ഒരു അപ്പാർട്ട്‌മെന്റ് ലഭിച്ചതിന് ശേഷവും അവൾ താമസം മാറുന്നത് മനപ്പൂർവം വൈകിപ്പിച്ചു. സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവൾ എന്നോട് വഴക്കിട്ടു. ഞാൻ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാൻ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. അവൾ ഉടൻ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയിൽ ബിയർ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാൻ ഫ്‌ളാറ്റിൽനിന്നു രക്ഷപ്പെടുകയായിരുന്നു. ജനുവരി പകുതിയോടെയും സമാനമായ ഒരു വഴക്ക് ഉണ്ടായിട്ടുണ്ട്. അന്നത്തെ സംഭവങ്ങൾ അന്ന് അവസാനിച്ചെങ്കിലും പിന്നീട് എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി.

ബെംഗളൂരുവിലെ അപ്പാർട്മെന്റ് വിട്ട് ഹൈദരാബാദിലേക്ക് പോകാൻ ഞാൻ അനിഖയോട് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും പോയില്ല. അവൾ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നത് വരെ ഹൈദരാബാദിലെ അവളുടെ ചെലവുകൾ ഞാൻ നോക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയിൽ അനിഖ എനിക്കെതിരെ നൽകിയ പരാതി പിൻവലിച്ചു. അവൾ ആരോപിക്കുന്നത് പോലെ, ഞാൻ അവളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ, ആദ്യ വഴക്കിന് പിന്നാലെ ജനുവരി പകുതിക്ക് ശേഷം അനിഖ തിരികെ വന്ന് വീണ്ടും എന്നോടൊപ്പം താമസിച്ചത് എന്തുകൊണ്ടായിരിക്കും. എന്നെ ഭീഷണിപ്പെടുത്താനും പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനും അവൾ വീണ്ടും ബോധപൂർവ്വം വഴക്ക് ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേസിനാസ്പദമായ സംഭവം ഉണ്ടായതിന് ശേഷം ഞാൻ അനിഖയെ കണ്ടിട്ടില്ല.

പിന്നീട് അനിഖയെ ഉപ്രദവിച്ചുവെന്ന് കാണിച്ച് അവർ ജനുവരി 29 ന് ബെംഗളൂരുവിൽ എനിക്കെതിരെ കേസ് ഫയൽ ചെയ്തു. അതിനുശേഷം, അവളുടെ കോളുകൾ ഞാൻ അവഗണിച്ചിട്ടും 2023 ഫെബ്രുവരിയിൽ എനിക്ക് അനിഖയിൽ നിന്ന് ഒന്നിലധികം തവണ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എനിക്കെതിരെ അനിഖ കേസ് ഫയൽ ചെയ്തത്. തുടർന്ന് ഫെബ്രുവരി 20ന് എനിക്ക് ജാമ്യം ലഭിച്ചു. അനിഖയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട കോടതി എനിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് പണം നൽകുന്നത് നിർത്തിയതിനാൽ തെറ്റായ പരാതി നൽകുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തിൽ കോടതി പരാതിയെ നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം എനിക്കെതിരെ നൽകിയ പരാതിയിൽ ഞാൻ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടർന്നാണ് അത് അവസാനിപ്പിക്കാൻ ഇപ്പോൾ നിർബന്ധിതനായത്.

Leave a Reply