നഴ്‌സിങ്‌ അഡ്‌മിഷന്‍ വാഗ്‌ദാനംചെയ്‌ത് 5.5 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

0


മാവേലിക്കര: ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബി.എസ്‌സി. നഴ്‌സിങ്‌ സീറ്റ്‌ തരപ്പെടുത്തി നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ മാവേലിക്കര സ്വദേശിനിയില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ മാവേലിക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
മലപ്പുറം നിലമ്പൂര്‍ കാളികാവില്‍ പൂവത്തിക്കല്‍ വീട്ടില്‍ ആഷിഖ്‌ അഹമ്മദ്‌ (29), തിരുവനന്തപുരം തിരുവല്ലം വില്ലേജില്‍ നിരപ്പില്‍ ഭാഗത്ത്‌ കൃഷ്‌ണ കൃപ വീട്ടില്‍ ബീന എല്‍.ബി (42) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: “കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബി.എസ്‌സി നഴ്‌സിങ്‌ അഡ്‌മിഷന്‍ ആവശ്യവുമായി മാവേലിക്കര സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ്‌ ആഷിഖ്‌ അഹമ്മദിനെ ബന്ധപ്പെട്ടു. ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ്‌ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത ആഷിഖ്‌ പെണ്‍കുട്ടിയെയും പിതാവിനെയും ഒറ്റപ്പാലത്തെ കോളജില്‍ വിളിച്ചു വരുത്തി ക്യാമ്പസും ഹോസ്‌റ്റലും കാണിച്ചു കൊടുത്തു. തുടര്‍ന്ന്‌ കോളജ്‌ സ്‌റ്റാഫ്‌ എന്ന വ്യാജേന ബീന പെണ്‍കുട്ടിയോട്‌ സംസാരിച്ചു. കോളജിന്റെ ലോഗോ വച്ച്‌ ഇമെയില്‍ അറിയിപ്പുകള്‍ ബീന പെണ്‍കുട്ടിക്ക്‌ അയച്ചു. അഡ്‌മിഷന്‌ ഡൊണേഷന്‍ നല്‍കണമെന്നു വിശ്വസിപ്പിച്ച്‌ 5.31 ലക്ഷം രൂപ ആഷിഖും ബീനയും കൂടി പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും തട്ടിയെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും അഡ്‌മിഷന്‍ ലഭിക്കാത്തതിനാല്‍ പെണ്‍കുട്ടി കോളേജില്‍ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ അവിടെ അഡ്‌മിഷന്‍ അവസാനിച്ചുക്ല ാസുകള്‍ തുടങ്ങിയെന്ന്‌ അറിയുന്നത്‌.”
വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ കുട്ടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണ്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: എം.കെ ബിനുകുമാറിന്റെ മേല്‍ നോട്ടത്തില്‍ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
മാവേലിക്കര ഇന്‍സ്‌പെക്‌ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇന്നലെ വൈകിട്ട്‌ ബീനയെയും ഇന്നു വെളുപ്പിനെ മലപ്പുറം കാളികാവില്‍ നിന്നും ആഷിഖിനേയും അറസ്‌റ്റ്‌ ചെയ്‌തത്‌. സംസ്‌ഥാത്തൊട്ടാകെ ഇവര്‍ ഉള്‍പ്പെടുന്ന സംഘം സമാന തട്ടിപ്പുകള്‍ നടത്തിയതായി സംശയിക്കുന്നു.

Leave a Reply