ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായത് ശക്തമായ ഭൂചലനം

0

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായത് ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വിശദീകരണം. നാഷനഷ്ടം ഉണ്ടാകാത്തത് മാത്രമാണ് ആശ്വാസം. തുടർഭൂചലന ഭീഷണി വേണ്ടെന്നാണ് പ്രവചനം. എങ്കിലും ആളുകൾ മുൻകരുതൽ എടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂചലനത്തിൽ 9 മരണമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇവിടെ വ്യാപക നാശനഷ്ടവും സംഭവിച്ചതായി സൂചനയുണ്ട്.

തുടർ ചലന ഭീതിയിൽ ഡൽഹി എൻസിആർ മേഖലയിൽ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളിൽ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂടി നിന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം 10.17-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്താന്റെ അതിർത്തി പ്രദേശമാണ് ജുറും. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം അകലെയല്ലാത്ത ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മേഖലകളിൽ ഭൂചലനം അനുഭവപ്പെടുകയായിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസങ്ങളിൽ തീവ്രത കുറഞ്ഞ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു വന്നിരുന്നു. ഇതിന് വിപരീതമായി റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ വലിയ രീതിയിലുള്ള പ്രകമ്പനമായിരുന്നു ഡൽഹി എൻസിആറിൽ ഉണ്ടായത്.

ഭൂകമ്പ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നിലവിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടായതായി വിവരമില്ല. അഫ്ഗാനിസ്താനിലെ ജുറും ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. അന്നും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

ഇന്നലെ രാത്രി ഡൽഹിയിൽ പലയിടങ്ങളിലും ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങി. വീടുകളിൽ സാധനങ്ങൾ ഇളകി നിലത്തുവീണതായി സമൂഹമാധ്യമങ്ങളിൽ ചിലർ കുറിച്ചു. ഗസ്സിയാബാദിൽ വൻ പ്രകമ്പനമാണുണ്ടായത്. ഡൽഹി ഷകർപുർ പ്രദേശത്ത് കെട്ടിടം കുലുങ്ങിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു. പാക്കിസ്ഥാനിൽ ഇസ്‌ലാമാബാദിലും മറ്റു നഗരങ്ങളിലും ഭൂചലനമുണ്ടായി.

ഇന്ത്യ ഉൾപ്പെടെ തുർക്ക്മെനിസ്ഥാൻ, കസാഖ്സ്താൻ, പാക്കിസ്ഥാൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here