വ്യാപാര സ്‌ഥാപനത്തില്‍നിന്നു പണം മോഷ്‌ടിച്ചു; വീട്ടമ്മ അറസ്‌റ്റില്‍

0അടിമാലി: വ്യാപാര സ്‌ഥാപനത്തില്‍നിന്നു പണം മോഷ്‌ടിച്ച വീട്ടമ്മ അറസ്‌റ്റില്‍. കല്ലാര്‍കുട്ടി മുതിരപ്പുഴ വെള്ളിമറ്റത്തില്‍ നിഷ സുനില്‍കുമാര്‍ (44) ആണ്‌ അറസ്‌റ്റിലായത്‌. അടിമാലി ടൗണിലെ മൂലേതോട്ടിയില്‍ സ്‌റ്റോഴ്‌സ്‌ എന്ന കടയില്‍ നിന്ന്‌ മുപ്പതിനായിരം രൂപയാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌.
കഴിഞ്ഞ സെപ്‌റ്റംബര്‍ 29 നാണ്‌ മോഷണം നടന്നത്‌. സി.സി.ടിവി കാമറയില്‍ നിന്നും മോഷണ ദൃശ്യം ലഭിച്ചു. സംഭവത്തിന്‌ രണ്ടു ദിവസം മുന്‍പ്‌ ജോലി അന്വേഷിച്ച്‌ കടയില്‍ എത്തിയ സ്‌ത്രീയാണ്‌ മോഷണം നടത്തിയതെന്ന്‌ കടയുടമ തിരിച്ചറിഞ്ഞു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ ഉള്ളതായി പോലീസിന്‌ വിവരം ലഭിച്ചു. അടിമാലി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സിജു ജേക്കബിന്റെ നേതൃത്വത്തില്‍ ഇവരെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഭര്‍ത്താവ്‌ സുനില്‍ കുമാറുമായി പിണങ്ങി എറണാകുളം എളമക്കര സ്വദേശി തിരുനിലയത്ത്‌ ഷാജ്‌കുമാര്‍ എന്നയാളോടൊപ്പം താമസിച്ചു വരികയായിരുന്നു പ്രതിയെന്ന്‌ പോലീസ്‌ പറഞ്ഞു. അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പണം കട ഉടമയ്‌ക്ക്‌ തിരികെ നല്‍കാമെന്ന്‌ സമ്മതിച്ചതായും പോലീസ്‌ പറഞ്ഞു.

Leave a Reply