തൊടുപുഴ: ഇസ്രയേലില്‍ ജോലി വാഗ്‌ദാനം ചെയ്‌തും ടൂര്‍ പാക്കേജിന്റെ മറവില്‍ ആളുകളെ കടത്തിയും കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്‌റ്റില്‍. പറവൂര്‍ കൂനമ്മാവ് വെട്ടിക്കല്‍ സാന്‍ജോ ജോസഫിനെയാ(38)ണു തൊടുപുഴ ഡിവൈ.എസ്.പി: എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
റോസരി ട്രാവല്‍സ് ഇന്റര്‍നാഷണല്‍ എന്ന സ്‌ഥാപനത്തിന്റെ മറവില്‍ സാന്‍ജോ എണ്‍പതോളം ആളുകളില്‍നിന്നും പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തൊടുപുഴയിലും ആലുവയിലും പ്രവര്‍ത്തിച്ചു വന്നിരുന്ന സ്‌ഥാപനങ്ങളിലായി അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു സൂചന.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഇസ്രയേലിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു ടൂര്‍ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. ഇതിനായി ഒന്നര മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഓരോരുത്തരില്‍നിന്നും വാങ്ങുന്നത്. ഇതില്‍ പങ്കെടുക്കുന്നവരില്‍ ഇസ്രയേലില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്കാണ് ജോലി വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇവരില്‍നിന്നും ആറു മുതല്‍ എട്ട് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു.
പണം നല്‍കുന്നവരെ ഗ്രൂപ്പുകളായി ജോര്‍ദാനിലെത്തിച്ച് അവിടെ നിന്നും ഇസ്രായേലിലെക്കു കടത്താനായിരുന്നു പദ്ധതി. വിശ്വസിച്ച് ജോര്‍ദാനിലെത്തിയവരെ അയാള്‍ തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
അടുത്ത മാസം വിദേശത്തേയ്‌ക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതിനിടെ കോട്ടയത്തു വച്ചാണ് സാന്‍ജോ പോലീസിന്റെ പിടിയിലായത്.
അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കെഎല്‍ 38 ജെ 8249 കാര്‍ കോട്ടയത്തിന് സമീപം പോലീസിന്റെ കാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് ഇവിടെവച്ച് കോട്ടയം വെസ്‌റ്റ് സി.ഐയുടെ സഹായത്തോടെയാണു തൊടുപുഴ പോലീസ് പ്രതിയെ പിടികൂടിയത്. തൊടുപുഴയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാന്‍ജോയുടെ ബന്ധുക്കളെകുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പല ജില്ലകളിലും ആളുകള്‍ തട്ടിപ്പിനിരയായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് സി.ഐ: വി.സി.വിഷ്‌ണുകുമാര്‍ പറഞ്ഞു.
അയാളുടെ കാളിയാറുള്ള ഭാര്യ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 160 പേരുടെ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ തൊടുപുഴ വടക്കുംമുറിയിലെ അടഞ്ഞു കിടക്കുന്ന ഓഫീസില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.