കൊച്ചി: സ്വപ്‌ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാന്‍ എം. ശിവശങ്കര്‍ നീക്കം നടത്തിയെന്നു വ്യക്‌തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടതു സി.എം. രവീന്ദ്രനെ അറിയിച്ചെന്നു ചാറ്റില്‍ ശിവശങ്കര്‍ പറയുന്നു. നിയമനത്തിനു നോര്‍ക്ക സി.ഇ.ഒ. അടക്കമുള്ളവര്‍ സമ്മതിച്ചെന്നും സ്വപ്‌നയോടു ശിവശങ്കര്‍ പറയുന്നു.
കോണ്‍സുലേറ്റില്‍ സ്വപ്‌ന സുരേഷിന്റെ ജോലി നഷ്‌ടത്തിലേക്കു നയിച്ചതു പ്രവാസി വ്യവസായി യൂസഫലിയാണെന്ന സൂചനയും ചാറ്റിലുണ്ട്. കോണ്‍സുലേറ്റിലെ സ്വപ്‌നയുടെ രാജിയറിഞ്ഞു സി.എം. രവീന്ദ്രന്‍ ഞെട്ടിയെന്നു ശിവശങ്കര്‍ വാട്‌സാപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്കു മാറ്റിയതു യൂസഫലിയുടെ എതിര്‍പ്പു കാരണമാണെന്നും ചാറ്റിലുണ്ട്. ഇതേത്തുടര്‍ന്നാണു പുതിയ ജോലി സ്വപ്‌ന അന്വേഷിച്ചു തുടങ്ങിയത്. പുതിയ ജോലിയും യൂസഫലി എതിര്‍ക്കുമോയെന്ന സ്വപ്‌നയുടെ ആശങ്കയും മുഖ്യമന്ത്രിക്കു യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്റെ മറുപടിയും അടങ്ങുന്നതാണു വാട്‌സാപ്പ് ചാറ്റുകള്‍.
ഇതിനു ശേഷമാണു സ്‌പേസ് പാര്‍ക്കില്‍ കണ്‍സല്‍റ്റന്‍സി സ്‌ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു (പി.ഡബ്ലു.സി.) കീഴില്‍ സ്വപ്‌നയ്‌ക്കു ജോലി ലഭിച്ചത്. നേരത്തെ സ്വപ്‌നയ്‌ക്കു ജോലി തരപ്പെടുത്തി കൊടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ടു ശിവശങ്കര്‍ സ്വപ്‌നയ്‌ക്ക് അയച്ച വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. 2019 ജൂലൈ 31ന് ആയിരുന്നു ഈ സന്ദേശം. മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാന്‍ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും എന്നായിരുന്നു പരാമര്‍ശം.
അവര്‍ പറയും നാട്ടിലെ ഇടപാടുകള്‍ നടത്തിയതു നീയാണെന്ന്. സൂക്ഷിക്കുക. ഒരുപാട് അതില്‍ പങ്കാളിയാകണ്ട. എന്തെങ്കിലും പിശകുണ്ടായാല്‍ അവര്‍ എല്ലാം നിന്റെ തലയില്‍ കെട്ടിവയ്‌ക്കും. യു.എ.ഇ. കോണ്‍സലേറ്റില്‍നിന്നു പിരിഞ്ഞുപോയത് അതിനാലാണെന്നും പറയും – ഇതായിരുന്നു സ്വപ്‌നയ്‌ക്കു ശിവശങ്കറിന്റെ നിര്‍ദ്ദേശം. പദ്ധതിയുടെ ക്വട്ടേഷന്‍ തയാറാക്കണ്ടേ എന്ന സ്വപ്‌നയുടെ ചോദ്യത്തിനു നീ നിര്‍ബന്ധമായി അതില്‍നിന്നു മാറി നില്‍ക്കൂ എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാല്‍ അതു സരിത്തിനെയും ഖാലിദിനെയും ഏല്‍പ്പിക്കാമെന്നു സ്വപ്‌ന പറഞ്ഞപ്പോള്‍ ശരി എന്നാണു മറുപടി സന്ദേശം.