സിന്ധു തോറ്റു പുറത്തായി

0

ലണ്ടന്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ടില്‍ തോറ്റു പുറത്തായി. വനിതാ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ ചൈനയുടെ സാങ്‌ യി മാന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കു സിന്ധുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 17-21,11-21.
മത്സരം കഷ്‌ടിച്ച്‌ 39 മിനിറ്റ്‌ നീണ്ടു. മത്സരത്തിലുടനീളം സിന്ധു മികവിലേക്കെത്താന്‍ കഷ്‌ടപ്പെട്ടു. സാങ്‌ യി മാന്‍ മികച്ച ഫോമിലുമായിരുന്നു. രണ്ടുവട്ടം ഒളിമ്പിക്‌സ് മെഡല്‍ നേടിയ സിന്ധു ഈ വര്‍ഷം മൂന്നാം തവണയാണ്‌ ഒന്നാം റൗണ്ടില്‍ ( മലേഷ്യ ഓപ്പണിലും ഇന്ത്യന്‍ ഓപ്പണിലും) തോറ്റു പുറത്താകുന്നത്‌.
വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസാ ജോളി – ഗായത്രി ഗോപീചന്ദ്‌ പുലേല സഖ്യം ഏഴാം സീഡിനെ അട്ടിമറിച്ചു. ഏഴാം സീഡായ തായ്‌ലന്‍ഡിന്റെ ജോങ്‌കോല്‍ഫാന്‍ കിതിതാരാകുല്‍- റാവിന്‍ഡ പ്രാജോഗാല്‍ സഖ്യത്തെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-18, 21-14. ഒന്നാം റൗണ്ട്‌ മത്സരം 46 മിനിറ്റ്‌ നീണ്ടു. ജപ്പാന്റെ യൂകി ഫുകുഷിമ – സായാക ഹിറോത ജോഡിയെയാണ്‌ അവര്‍ പ്രീ ക്വാര്‍ട്ടറില്‍ നേരിടുക. സ്‌കോട്ട്‌ലന്‍ഡിന്റെ ജൂലി മാക്‌ഫെഴ്‌സണ്‍- സിയാര ടോറാന്‍സ്‌ സഖ്യത്തെയാണ്‌ ഫുകുഷിമ – ഹിറോത സഖ്യം തോല്‍പ്പിച്ചത്‌. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ വിക്‌ടര്‍ അക്‌സല്‍സെന്‍ ഒന്നാം റൗണ്ട്‌ കടന്നു. ലീ ചുക്‌ യിയുവിനെയാണു വിക്‌ടര്‍ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത്‌. ലീ ചുക്‌ യിയു 21-19 ന്‌ ഒന്നാം ഗെയിം സ്വന്തമാക്കിയിരുന്നു. തുടരെ രണ്ട്‌ ഗെയിമുകളില്‍ ആധിപത്യം സ്‌ഥാപിച്ചാണ്‌ (21-15, 21-11) വിക്‌ടര്‍ തിരിച്ചടിച്ചത്‌. മലയാളി താരം എച്ച്‌.എസ്‌. പ്രണോയിയും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടില്‍ കടന്നു. പ്രണോയ ലോക 24-ാം നമ്പര്‍ താരം വാങ്‌ സു വേയിനെ 21-19, 22-20 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here