ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന്‌; അഡീ. സോളിസിറ്റര്‍ ഹാജരായേക്കും

0


കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) റജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിയ്‌ക്കും.
ഇ.ഡിക്കുവേണ്ടി സുപ്രീംകോടതിയിലെ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്‌.വി. രാജു ഹാജരാകുമെന്നാണു വിവരം. ഹര്‍ജിയെ ശക്‌തമായി എതിര്‍ക്കാനാണു ഇ.ഡിയുടെ തീരുമാനം. അന്വേഷണം പുരോഗമിയ്‌ക്കുന്നതിനാല്‍, ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നു ഇ.ഡി. ബോധിപ്പിക്കും. പ്രധാന പ്രതികളെ ഇനിയും അറസ്‌റ്റ്‌ ചെയ്യാനുണ്ടെന്നും കോടതിയെ അറിയിക്കും.
ശിവശങ്കര്‍ക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകുമെന്നാണു വിവരം. തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍നിന്നു കമ്മീഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്‌.
ഇ.ഡി. തന്നെ വേട്ടയാടുകയാണെന്നും കുറ്റകൃത്യത്തില്‍ തങ്ങളുടെ പങ്കു സമ്മതിച്ച കേസിലെ മറ്റു ചില പ്രതികളെപ്പോലും അറസ്‌റ്റ്‌ ചെയ്യാതെയാണു തന്നെ അറസ്‌റ്റ്‌ ചെയ്‌തതെന്നുമാണു ശിവശങ്കറിന്റെ വാദം. ആരോഗ്യപ്രശ്‌നങ്ങളും ചികില്‍സയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Leave a Reply