പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വൃക്ക മാറ്റിവച്ചവരുടെ സംഗമം , ഒരുവര്‍ഷം; 15 ശസ്‌ത്രക്രിയകള്‍

0


പാലാ: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞവരുടെ സംഗമം നടത്തി. റീനല്‍ ട്രാന്‍സ്‌പ്ലാന്റ്‌ സേവനങ്ങള്‍ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 15 വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകളാണ്‌ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. ഇതിനോടനുബന്ധിച്ച്‌ പാലാ രൂപതാ ബിഷപ്പും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സ്‌ഥാപകനും, രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ജലസേചന മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്‌ഘാടനം ചെയ്‌തു. അനാരോഗ്യത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ സ്വന്തം അവയവം നല്‍കുന്നതില്‍ പരം മഹത്തായ ഒരു കര്‍മം വേറെ ഉണ്ടാവില്ലെന്ന്‌ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു. അവയവമാറ്റ ശാസ്‌ത്രക്രിയകളെ പറ്റി വളരെ അധികം തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ടെന്നും ബോധവത്‌കരണത്തിലൂടെ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.
100% വിജയത്തോടെയാണ്‌ 15 വ്യക്‌തികള്‍ക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ പൂര്‍ത്തിയാക്കിയത്‌ എന്ന്‌ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ മോണ്‍. ഡോ. ജോസഫ്‌ കണിയോടിക്കല്‍ പറഞ്ഞു. അവയവം ദാനം ചെയ്‌തവരെ ആദരിച്ച പരിപാടിയില്‍ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്‌ ഡോ. മഞ്‌ജുള രാമചന്ദ്രന്‍, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്‌ ഡോ. വിജയ്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here