എം.വി ഗോവിന്ദന്റെയും വിജേഷിന്റെയും നിയമനടപടി നേരിടാന്‍ തയ്യാര്‍; തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്ന് സ്വപ്‌ന സുരേഷ്

0

കൊച്ചി: തന്റെ ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബിസിനസ്മാന്‍ വിജേഷ് പിള്ളയും നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. ഇരുവരുടെയും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ്, നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും വിജേഷ് പിള്ള കോടതിയില്‍ ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ കൈമാറാന്‍ ഒരുക്കമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘‘തന്റെ ആരോപണങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചിരിക്കുകയാണ്. ഹരിയാനയിലും രാജസ്ഥാനിലും പോകുന്ന കാര്യവും 30 കോടിയുടെ ഓഫറും എം.വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേരുകള്‍ പറഞ്ഞതും വിമാനത്താവളത്തിലെ ഭീഷണിയും സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ആവശ്യപ്പെട്ടതും അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ അത് വ്യത്യസ്തമായ സാഹചര്യത്തിലാണ് പറഞ്ഞതെന്നാണ് അയാള്‍ പറയുന്നത്.

എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. ആ സംഭവത്തിനു തൊട്ടുപിന്നാലെ പോലീസിനെയും ഇഡിയേയും അറിയിക്കുന്നത് അടക്കമുള്ള ഉചിതമായ നിയമ നടപടി താന്‍ സ്വീകരിച്ചിരുന്നു. വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ പോലീസും ഇഡിയും സ്വീകരിച്ചുകഴിഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണോ അദ്ദേഹത്തിന്റെ വരവിന്റെ പിന്നിലുള്ള ഉദ്ദേശമെന്താണ് എന്നൊക്കെ അന്വേഷിച്ച് യുക്തിസഹമായ തീരുമാനത്തിലെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്.

എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനയ്ക്കും പോലീസ് കേസ് കൊടുത്തുവെന്നാണ് വിജേഷ് പിള്ള പറയുന്നത്. നിയമനടപടിയുെട അനന്തരഫലം നേരിടാന്‍ താന്‍ ഒരുക്കമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തില്‍ തനിക്ക് സംശയമുണ്ട്. എന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവിടണമെന്നാണ് അദ്ദേഹം പറയുന്നത്. അത് വെല്ലുവിളിയായി എടുക്കുന്നു. അവ ഇതികെം തെന്ന അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിക്കഴിഞ്ഞൂ. കോടതിയില്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്. എം.വി ഗോവിന്ദന്‍ എടുക്കാന്‍ പോകുന്ന നിയമനപടികള്‍ സ്വീകരിക്കാനും താന്‍ ഒരുക്കമാണ്.

സത്യം മുഴുവന്‍ ലോകത്തിനു മുന്നില്‍ തുറന്നിടുന്നതുവരെ പോരാട്ടം തുടരുമെന്ന തന്റെ വാക്കില്‍ താന്‍ ഉച്ചുനില്‍ക്കുന്നു’’വെന്നും സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സ്വപ്‌ന ഇന്നലെ ലൈവില്‍ വന്ന ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ് വിജേഷ് പിള്ളയും എം.വി ഗോവിന്ദനും ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

Leave a Reply