ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി

0


ന്യൂഡല്‍ഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതിയൊഴിയാനുളള നിര്‍ദേശം പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി. നിലവില്‍ അദ്ദേഹത്തിന് അനുവദിച്ചിരുന്ന വസതി ഒഴിയണമെന്ന് കാണിച്ച് പാര്‍ലമെന്റ് ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് കത്ത് നല്‍കി. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ ജനങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

2019 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തേക്ക് രാഹുലിന് തടവു ശിക്ഷ വിധിച്ചിരുന്നു. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരമാവധി ശിക്ഷയായിരുന്നു രാഹുലിന് കോടതി നല്‍കിയത്.

ജനാധിപത്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 23 നുളളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം.

Leave a Reply