വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും

0


കോഴിക്കോട്‌ : രാഹുല്‍ ഗാന്ധിക്ക്‌ എം.പി. സ്‌ഥാനം നഷ്‌ടമായതോടെ അദ്ദേഹം പ്രതിനിധാനം ചെയ്‌ത വയനാട്ടില്‍ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാധ്‌ര ഉപതെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകാന്‍ സാധ്യത. ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ രാഷ്‌ട്രീയനിരീക്ഷകര്‍. പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ചാല്‍ കര്‍ണാടകയില്‍ ഗുണം ചെയ്യുമെന്നാണ്‌ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
രാഹുലിന്റെ അയോഗ്യത അപ്പീലിലൂടെ നീക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരവിലക്കു തുടരും. അടുത്ത തവണ മത്സരിക്കാനില്ലെന്നു സോണിയ ഗാന്ധി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഉത്തര്‍പ്രദേശില്‍ രാഹുല്‍ പ്രതിനിധീകരിച്ച അമേഠി കഴിഞ്ഞ തവണ ബി.ജെ.പി. പിടിച്ചെടുത്തിരുന്നു.
സോണിയ പ്രതിനിധീകരിക്കുന്ന റായ്‌ബലേറി ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു സുരക്ഷിത മണ്‌ഡലമല്ല. പാര്‍ലമെന്ററി രംഗത്തു രാഹുല്‍ സജീവമായ സാഹചര്യത്തില്‍ പ്രിയങ്ക മത്സരിക്കുന്നതിനോടു സോണിയയ്‌ക്കു താല്‍പ്പര്യമില്ലായിരുന്നു. രാഹുലിനു വിലക്കു തുടര്‍ന്നാല്‍ തീരുമാനം മാറാം. വയനാടിനോളം സുരക്ഷിത മണ്ഡലം കോണ്‍ഗ്രസിനു മറ്റൊന്നില്ല. ഈ സാഹചര്യത്തിലാണു പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാന്‍ രാഷ്‌ട്രീയവൃത്തങ്ങള്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നത്‌.

Leave a Reply