രാഷ്ട്രപതി ദ്രൗപതി മുർമു 16ന് കൊച്ചിയിലെത്തും. നാവിക സേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനം.
സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡാണിത്. 16ന് വൈകുന്നേരം 4.30ന് ഫോർട്ട്കൊച്ചിയിലെ ദ്രോണാചാര്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുർമുവിന്റെ ആദ്യ കേരള സന്ദർശനമാണിത്. രാജ്യത്തെയും വിദേശത്തെയും നാവികർക്ക് ആയുധ പരിശീലനം നൽകുന്ന കേന്ദ്രമാണ് ഫോർട്ട്കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. ഇതു കൂടാതെ കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ്, സംസ്ഥാന പൊലീസ് എന്നിവയ്ക്കും പരിശീലനം നൽകുന്നുണ്ട്.
സ്വാതന്ത്യത്തിന് മുമ്പ് റോയൽ നേവിയുടെ ഭാഗമായിരുന്ന പരിശീലനം കേന്ദ്രം കറാച്ചിയിലാണ് പ്രവർത്തിച്ചിരുന്നത്. വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയിൽ നിന്നും പിന്നീട് കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിലെ ഐഎൻഎസ് വെണ്ടുരുത്തിയിലേക്കും, ഇവിടുന്ന് പിന്നീട് ഫോർട്ട്കൊച്ചിയിലെ കടൽത്തീരത്തേക്കും മാറ്റിസ്ഥാപിക്കുകയായിരുന്നു.